ജാഗ്രത വേണം; മലപ്പുറത്ത് രണ്ടുപേര്‍ക്ക് കോളറ സ്ഥിരീകരിച്ചു, രോഗലക്ഷണങ്ങളുമായി 14 പേര്‍ ചികിത്സയില്‍

കാരക്കോടം പുഴയില്‍ സ്ഥിതി ചെയ്യുന്ന പമ്പിങ് സ്റ്റേഷനില്‍ നിന്നും വരുന്ന ജലനിധിയുടെ വെള്ളവും, മറ്റു കിണറുകളിലെ വെള്ളവും ഉപയോഗിക്കുന്നവര്‍ക്കാണ് നിലവില്‍ രോഗലക്ഷണങ്ങള്‍ കണ്ടത്.

മലപ്പുറം: മലപ്പുറം ജില്ലയില്‍ വഴിക്കടവ് പഞ്ചായത്തില്‍ രണ്ട് വ്യക്തികള്‍ക്ക് കോളറ സ്ഥിരീകരിച്ചു. സമാന രോഗലക്ഷണങ്ങളുമായി മറ്റു 14 പേര്‍ കൂടി ചികിത്സ തേടിയിട്ടുണ്ട് എന്നത് രോഗം പടര്‍ന്നു പിടിക്കാനുള്ള സൂചന നല്‍കുന്നുണ്ട്. എട്ട് പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ ആണ്.

പൊതുജനങ്ങള്‍ എല്ലാവരും തന്നെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ രേണുക ആര്‍ അറിയിച്ചു. വഴിക്കടവ് പഞ്ചായത്തിലെ വഴിക്കടവ് ടൗണിലൂടെ ഒഴുകുന്ന കാരക്കോടം പുഴയില്‍ സ്ഥിതി ചെയ്യുന്ന പമ്പിങ് സ്റ്റേഷനില്‍ നിന്നും വരുന്ന ജലനിധിയുടെ വെള്ളവും, മറ്റു കിണറുകളിലെ വെള്ളവും ഉപയോഗിക്കുന്നവര്‍ക്കാണ് നിലവില്‍ രോഗലക്ഷണങ്ങള്‍ കണ്ടത്.

ഈ പുഴയിലേക്ക് തന്നെ സമീപത്തുള്ള നിരവധി ഹോട്ടലുകളില്‍ നിന്നുള്ള മലിനജലം ഒഴുക്കിവിടുന്നുണ്ട്. പുഴകളില്‍ വെള്ളം വളരെ കുറഞ്ഞ ഈ സമയത്ത്, ഇത് മലിനജലം കൂടുതല്‍ വെള്ളത്തിലേക്ക് കലരുന്നതിനും പുഴയിലെ വെള്ളം മുഴുവന്‍ മലിനമാകുന്നതിന് കാരണമാവുകയും ചെയ്തിട്ടുണ്ട്.

പഞ്ചായത്ത് തല ദ്രുത കര്‍മ്മ സേന അടിയന്തരമായി യോഗം ചേരുകയും മുന്നറിയിപ്പ് നടത്തുന്നതിന് വേണ്ടിയിട്ടുള്ള പഞ്ചായത്തിലും പരിസരപ്രദേശങ്ങളിലും ടൗണുകളിലും മൈക്ക് അനൗണ്‍സ്മെന്റ് നടത്തുന്നുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ രേണുകയുടെ യുടെ നേതൃത്വത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിക്കുകയും പ്രതിരോധ നടപടികള്‍ വിലയിരുത്തുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

മലിനജലം തുറന്ന് വിട്ട ഹോട്ടലുകള്‍ അടപ്പിക്കുകയും നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. രോഗപ്രതിരോധ നടപടികളുടെ ഏകോപനത്തിനായി വഴിക്കടവ് പഞ്ചായത്ത് ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ഫോണ്‍ നമ്പര്‍ :8547918270, 9496127586,9495015803.

Exit mobile version