രാവും പകലും അധ്വാനിച്ച് വയ്യാത്ത മകളേയും ഭർത്താവിനേയും പോറ്റിയിരുന്ന സുബൈദയും തലച്ചോറിന് അസുഖം ബാധിച്ച് കിടപ്പിലായി; ചികിത്സയ്ക്കും വീട്ടുവാടകയ്ക്കും പണമില്ലാതെ കുടുംബം; വേണം സുമനസുകളുടെ കനിവ്

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ പെരുമ്പിലാവിന് സമീപം കൊരട്ടിക്കര പാതാക്കര കരിക്കാട് പള്ളത്ത് ഹുസൈനും ഭാര്യ സുബൈദയും ചികിത്സാ സഹായത്തിനും നിത്യചെലവിനും മാർഗ്ഗങ്ങളില്ലാതെ സുമനസുകളുടെ കാരുണ്യം തേടുന്നു. തലച്ചോറിലേക്കുള്ള ഞരമ്പിന് അസുഖം ബാധിച്ച് സുബൈദ അബോധാവസ്ഥയിൽ കിടപ്പിലാണ്. പ്രാഥമിക കൃത്യങ്ങൾക്ക് പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട ദയനീയ അവസ്ഥയിലാണ് സുബൈദ. ഭർത്താവ് ഹുസൈനും ഹൃദ്രോഗവും വെരിക്കോസ് വെയിനിന്റെ ഏറ്റവും ഉയർന്ന രോഗവും ബാധിച്ച് നിത്യരോഗിയായി അവശതയിലാണ്. വാടക വീടൊഴിയേണ്ട അവസാന തീയതിയും കഴിഞ്ഞതിനാൽ തെരുവിലേക്ക് ഇറങ്ങേണ്ട അവസ്ഥയിലാണ് ഈ കുടുംബം. മകളാകട്ടെ മാനസികമായ വെല്ലുവിളി നേരിടുന്ന പെൺകുട്ടിയാണ്. മുപ്പത്തി മൂന്ന് വയസ്സ് പിന്നിടുന്ന, അവിവാഹിതയായ മകളെ കുറിച്ചോർത്തും സുബൈദയും ഹുസൈനും തീരാകണ്ണീരിലാണ്.

ചികിത്സാ ചെലവിനും വീട്ടുവാടകയ്ക്കും നിത്യവൃത്തിയ്ക്കും ഒരു വഴിയുമില്ലാതായതോടെയാണ് ഇവർ സുമനസുകളുടെ കനിവ് തേടുന്നത്. നാട്ടുകാരും മഹല്ല് കമ്മിറ്റിയും വാർഡ് മെമ്പറുമെല്ലാം സഹായിച്ചാണ് ഇതുവരെയുള്ള ചികിത്സയും ചെലവുകളും മുന്നോട്ട് നീങ്ങിയത്. എന്നാൽ കൊവിഡ് പ്രതിസന്ധി പിടിമുറുക്കിയതിനാൽ സഹായിക്കാൻ ആഗ്രഹിക്കുന്നവർക്കു പോലും അതിനു കഴിയാതെ വന്നിരിക്കുകയാണ്. ഇതോടെയാണ് ഈ കുടുംബം സോഷ്യൽമീഡിയയിലടക്കം സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തിയിരിക്കുന്നത്. പലവിധ അസുഖങ്ങൾ കാരണം ബുദ്ധിമുട്ടുന്ന മകൾക്കും ഭർത്താവിനും അത്താണിയായി രാവും പകലും ജോലി ചെയ്ത് കുടുംബത്തെ പോറ്റിയിരുന്നത് സുബൈദയാണ്. അയൽപ്പക്കത്തെ വീടുകളിൽ പണിക്കുപോയും പ്രസവ ശുശ്രൂഷകൾക്ക് പോയുമൊക്കെയായിരുന്നു സുബൈദ കുടുംബം പുലർത്തിയിരുന്നത്. നാട്ടുകാർക്കെല്ലാം ഇവരെ കുറിച്ച് പറയാൻ നല്ലവാക്കുകൾ മാത്രം.

ആരോഗ്യവതിയായിരുന്ന സുബൈദ പെട്ടെന്നൊരു ദിവസമാണ് കിടപ്പിലായത്. തലച്ചോറിലേക്കുള്ള ഞരമ്പിൽ ബ്ലോക്ക് വന്നതോടെയാണ് കുടുംബത്തെ തീരാദുരിതത്തിലാക്കി സുബൈദ വീണുപോയത്. മുന്നോട്ടുള്ള ചികിത്സയ്ക്കും നിത്യചെലവിനും പണം കണ്ടെത്താൻ എന്തുചെയ്യുമെന്നറിയാതെ നിസ്സഹായരായാണ് ഈ കുടുംബം. സുബൈദയുടെ ഭർത്താവ് ഹുസൈൻ ഹൃദയാഘാതത്തെ അതിജീവിച്ച് ചികിത്സയിൽ തുടരുകയാണ്. പ്രായാധിക്യത്തിന്റെ അവശതകളും മറ്റ് അസുഖങ്ങളും ബുദ്ധിമുട്ടിക്കുന്ന ഹുസൈന് എന്തെങ്കിലും തൊഴിലെടുക്കാനോ കുടുംബത്തിന്റെ നിത്യചെലവിന് പണം കണ്ടെത്താനോ സാധിക്കാത്ത അവസ്ഥയിലുമാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ ഇവർക്ക് ഭീമമായ തുകയാണ് ചികിത്സയ്ക്കായി ഇനിയും വേണ്ടത്. സോഷ്യൽമീഡിയയിലൂടെ സഹായം അഭ്യർത്ഥിച്ചിട്ടും ഇവർക്ക് കാര്യമായ സഹായധനം ലഭിച്ചിട്ടില്ല. ചെറിയ തുകമാത്രമാണ് ചികിത്സാ സഹായമായി അക്കൗണ്ടിലേക്ക് എത്തിയത്. ഇനിയും സുമനസുകൾ കനിഞ്ഞില്ലെങ്കിൽ തീരാദുരിതത്തിന് ഇരകളായി ഇവർ കഴിയേണ്ടി വരും. വാടക കൊടുക്കാതെ സ്വന്തമായി ഒരു കൊച്ചു വീടും ഇവരുടെ ചികിത്സാ ചിലവും വഹിക്കാൻ കഴിയുന്ന സഹായം ചെയ്യാൻ ആവുന്നവർ ചെയ്യണമെന്നാണ് അഭ്യർത്ഥന .
സ്വന്തമായി ബാങ്ക് അക്കൗണ്ട് പോലും ഇല്ലാതിരുന്ന ഇവർ ഏതാനും ദിവസങ്ങൾക്ക് മുൻപാണ്് ഹുസൈന്റെ പേരിൽ ബാങ്കിൽ ഒരു അക്കൗണ്ട് തുടങ്ങിയത്. കൂടുതൽ വിവരങ്ങൾക്ക്-9745322049 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

സുബൈദയുടെയും ഹുസൈന്റെയും അക്കൗണ്ട് വിവരങ്ങൾ താഴെ കൊടുക്കുന്നു :

HUSSAIN.PK
CANARA BANK
PERUMPILAVU
A/C-1922101023867
IFSC-CNRB0001922
Mob : +91 9745322049

Exit mobile version