കേരള കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് സിഎഫ് തോമസ് എംഎല്‍എ അന്തരിച്ചു

തിരുവല്ല: കേരള കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും ചങ്ങനാശ്ശേരി എം.എല്‍.എയുമായ സിഎഫ് തോമസ് അന്തരിച്ചു. 81 വയസായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിലവില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയര്‍മാന്‍ ആണ്.

1980 മുതല്‍ തുടര്‍ച്ചയായി ചങ്ങനാശ്ശേരിയില്‍ നിന്ന് നിയമസഭയിലെത്തി. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. പ്രതിസന്ധി ഘട്ടത്തില്‍ കെ.എം മാണിക്കൊപ്പം നിന്ന നേതാവ് കൂടിയായിരുന്നു അദ്ദേഹം. എന്നാല്‍ കെ.എം.മാണിയുടെ മരണശേഷം പി.ജെ. ജോസഫിനോടൊപ്പം ചേര്‍ന്നു.

2001ലെ യുഡിഎഫ് മന്ത്രിസഭയില്‍ ഗ്രാമവികസന മന്ത്രിയായിരുന്നു.തുടര്‍ച്ചയായ നാല്‍പ്പതു വര്‍ഷമായി നിയമസഭയില്‍ ചങ്ങനാശ്ശേരിയെ പ്രതിനിധീകരിക്കുന്നു. എ.കെ.ആന്റണി, ഉമ്മന് ചാണ്ടി മന്ത്രിസഭകളില്‍ അംഗമായിരുന്നു. കേരള കാത്തലിക് സ്റ്റുഡന്റ്‌സ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി, അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

ചങ്ങനാശേരി ചെന്നിക്കര കുടുംബാംഗമാണ്. മങ്കൊമ്പ് പരുവപ്പറമ്പില്‍ കുടുംബാംഗമായ കുഞ്ഞമ്മയാണ് ഭാര്യ. സൈജു, സിനി, അനു എന്നിവര്‍ മക്കളും ലീന,ബോബി, മനു എന്നിവര്‍ മരുമക്കളുമാണ്.

Exit mobile version