കെ സുധാകരന്‍ എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂര്‍: കെ സുധാകരന്‍ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നടത്തിയ സ്രവ പരിശോധനയിലാണ് കെ സുധാകരന് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് കെ.സുധാകരന്‍ അറിയിച്ചു. മന്ത്രി വിഎസ് സുനില്‍കുമാറും കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്. മന്ത്രിമാരായ ഇപി ജയരാജന്‍, തോമസ് ഐസക് എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും രോഗമുക്തി നേടി ഔദ്യോഗികവസതിയില്‍ നിരീക്ഷണത്തിലാണ്.

അതേസമയം സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം അമ്പതിനായിരം കടന്നു. സംസ്ഥാനത്ത് നിലവില്‍ 52,678 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ഇന്ന് 7006 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ രോഗികള്‍. 1050 പേര്‍ക്കാണ് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇതുവരെ 1,67,864 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,14,530 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ആകെ 656 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 177 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6004 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 664 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 6668 സമ്പര്‍ക്ക രോഗികളാണുള്ളത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3199 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Exit mobile version