അഴിമതിയുടെ മുഖ്യ സൂത്രധാരന്മാര്‍; പാലാരിവട്ടം മേല്‍പ്പാലം പൊളിച്ച് പണിയാന്‍ ആവശ്യമായ തുക ഉമ്മന്‍ചാണ്ടിയില്‍ നിന്നും ഇബ്രാഹിംകുഞ്ഞില്‍ നിന്നും ഈടാക്കണം; ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം പൊളിച്ച് പുതിയത് പണിയുന്നതിന് ആവശ്യമായ തുക മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്നും മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞില്‍ നിന്നും ഈടാക്കണമെന്ന് ഡിവൈഎഫ്‌ഐ. ബലക്ഷയം വന്ന പാലാരിവട്ടം മേല്‍പ്പാലം പൊളിച്ച് പുതിയത് പണിയണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ബ്രിഡ്ജസ് ആന്‍ഡ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ മുഖേന 47.70 കോടി രൂപ മുടക്കി സ്ഥാപിച്ച പാലം ഉദ്ഘാടനം ചെയ്ത് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ അപകടാവസ്ഥയിലായത് പകല്‍കൊള്ളയാണ്.
കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് ദേശീയപാത അതോറിറ്റി നടത്തേണ്ട പ്രവര്ത്തനം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

അനധികൃതമായി ഒന്നും നടന്നിട്ടില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ വാദമാണ് ഇന്നത്തെ സുപ്രീംകോടതി വിധിയോടെ തകര്‍ന്നിരിക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും നിയമപരമായി ശിക്ഷ ഉറപ്പാക്കണമെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ പറഞ്ഞു

അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും ഇബ്രാഹിംകുഞ്ഞുമാണ് ഈ അഴിമതിയുടെ മുഖ്യ സൂത്രധാരന്മാര്‍. അതുകൊണ്ടുതന്നെ ഇവരില്‍ നിന്നും ഒത്താശചെയ്തുകൊടുത്ത ഉദ്യോഗസ്ഥരില്‍ നിന്നുംകൂടിയാണ് പുതിയ പാലം നിര്‍മ്മിക്കാന്‍ ആവശ്യമായ തുക ഈടാക്കേണ്ടത്, പൊതു ഖജനാവില്‍ നിന്നല്ലെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി.

Exit mobile version