കേന്ദ്ര വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേയ്ക്ക് ശോഭാ സുരേന്ദ്രനെന്ന് റിപ്പോര്‍ട്ട്; നിയമനത്തില്‍ പ്രതികരിക്കാതെ ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ പേര് കേന്ദ്ര വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ശോഭാസുരേന്ദ്രന്റെ നിയമനവുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ കേന്ദ്രം പരിശോധിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍, നിയമനത്തില്‍ നേതാവ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

നിലവില്‍ ബിജെപി സംസ്ഥാന സമിതി പുന:സംഘടനക്ക് ശേഷം പൊതുരംഗത്ത് നിന്ന് വിട്ട് നില്‍ക്കുകയാണ് ശോഭാ സുരേന്ദ്രന്‍. സമര രംഗത്തും താനല്‍ ചര്‍ച്ചകളിലും നിറഞ്ഞു നിന്ന ശോഭാ സുരേന്ദ്രന്‍ കഴിഞ്ഞ 7 മാസത്തോളമായി വിട്ടുനില്‍ക്കുകയാണ്. അധ്യക്ഷപദവിയിലേക്ക് ശോഭാസുരന്ദ്രന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നെങ്കിലും കെ സുരേന്ദ്രന്‍ അധ്യക്ഷ പദവിയിലെത്തിയതിന് പിന്നാലെയാണ് ശോഭാ സുരേന്ദ്രനും വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്.

വൈസ് പ്രസിഡന്റാക്കി ഒതുക്കി എന്ന വികാരമാണ് അവരെ പിന്തുണയ്ക്കുന്നവര്‍ പ്രകടിപ്പിക്കുന്നത്. എന്നാല്‍ ശോഭയെ ആരും മാറ്റി നിര്‍ത്തിയിട്ടില്ലായെന്നാണ് പാര്‍ട്ടി നേതൃത്വം അറിയിക്കുന്നത്. ഈ സാഹചര്യത്തില്‍ ദേശീയ തലത്തില്‍ പദവി നല്‍കാന്‍ തീരുമാനമെന്നാണ് വിവരം.

Exit mobile version