‘ചാവക്കാട്ടെ മാര്‍ച്ചിന് മുന്നില്‍ ഇതുപോലെപ്പെട്ടാല്‍…’ ഒറ്റയാള്‍ പ്രതിഷേധത്തില്‍ ഭീഷണിയുമായി ബിജെപി

കൊച്ചി: കഴിഞ്ഞ ദിവസം മന്ത്രി കെടി ജലീലിന് എതിരെ ബിജെപി നടത്തിയ മാര്‍ച്ചില്‍ ഒറ്റയാള്‍ പ്രതിഷേധമായി എത്തിയ സിപിഎമ്മുകാരന്റെ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. കനലൊരു തരി എന്ന മുദ്രാവാക്യം ഉയര്‍ത്തി സിപിഎമ്മും പ്രചാരണം ശക്തമാക്കി പിന്നിലുണ്ട്. എന്നാല്‍ പ്രചാരണത്തെ പ്രതിരോധിക്കാന്‍ ബിജെപിയും തങ്ങളുടെ ഭാഗത്ത് നിന്നും പ്രചാരണം നടത്തുന്നുണ്ട്. എന്നാല്‍ അസഭ്യമായ രീതിയിലും വെല്ലുവിളിക്കുന്ന പോലെയുമാണ് പ്രചാരണം നടക്കുന്നത്.

സുമേഷ് തെറില്‍ എന്ന ബിജെപി അനുഭാവി പങ്കുവെച്ച ചിത്രമാണ് സംഘര്‍ഷ സാധ്യത തെളിയുന്നത്. ബിജെപി ഗുരുവായൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയാണ് സുമേഷ്. ‘സഞ്ചയനത്തിന് ഇഡ്ഡലിയും വടയും ചട്ട്ണിയും കൂട്ടി കുഴച്ച പോലെയാക്കും.. 22ന് ചാവക്കാട്ടെ മാര്‍ച്ചിനു മുന്നില്‍ ഇതുപോലെപ്പെട്ടാല്‍’ എന്നാണ് ചിത്രം പങ്കുവെച്ച് സുമേഷ് കുറിച്ചിരിക്കുന്നത്.

ഇതോടെ സംഘര്‍ഷ സാധ്യതയാണ് നിറയുന്നത്. ബിജെപിയും പ്രചാരണം കൊഴുപ്പിക്കുന്നുണ്ട്. ഇതോടെ ജാഗ്രത പുലര്‍ത്താനുള്ള തീരുമാനത്തിലാണ് പോലീസ്. കഴിഞ്ഞ ദിവസം കെടി ജലീലിനും സംസ്ഥാന സര്‍ക്കാരിനുമെതിരായ ബിജെപി പ്രതിഷേധ സമരത്തിനിടെ പെരുമഴയില്‍ ഒരു ഒറ്റയാന്‍ പ്രതിരോധം തീര്‍ത്തിരിക്കുകയായിരുന്നു സിപിഎം അനുഭാവി. പെരുമഴയെ പോലും അവഗണിച്ചാണ് തന്റെ ചെങ്കൊടി കൈയ്യിലേന്തി ഒറ്റയ്ക്ക് പ്രതിരോധം തീര്‍ത്തത്. കൊച്ചിയില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. ബിജെപി പ്രതിഷേധ സമരവുമായി വന്നപ്പോള്‍ സിപിഎം പ്രവര്‍ത്തകന്‍ കൈയ്യിലെ ചെങ്കൊടി പാറിച്ച് നില്‍ക്കുകയായിരുന്നു. കൂട്ടത്തോടെ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലാണ് തന്റെ ഒറ്റയാള്‍ പ്രതിരോധം.

ശേഷം പോലീസ് ഇയാളെ പിടിച്ചുമാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെടി ജലീലിനെതിരെ പ്രതിഷേധം കനക്കുന്നതിനിടയിലാണ് കൊച്ചിയില്‍ നിന്ന് ഇത്തരത്തില്‍ വേറിട്ടൊരു കാഴ്ച. സംഭവം ഇതിനോടകം സോഷ്യല്‍മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. കനലൊരു തരി മതിയെന്ന വാക്കാണ് ഇവിടെ കാണുന്നതെന്ന് സോഷ്യല്‍മീഡിയ പറയുന്നു. ഞങ്ങളിലൊന്നേ അവശേഷിക്കുകയുള്ളൂ എങ്കില്‍ പോലും അയാളൊറ്റൊയ്ക്കൊരു പാര്‍ട്ടിയായി മാറുമെന്ന മുദ്രാവാക്യങ്ങളും ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. പ്രതിപക്ഷവും മറ്റും ഒരുപോലെ പ്രതിഷേധങ്ങള്‍ നടത്തിയാലും നിലകൊള്ളുന്നത് എന്നും അതേപടി നില്‍ക്കുമെന്നതും ഈ ഒറ്റ ദൃശ്യത്തിലൂടെ വെളിപ്പെടുകയാണെന്നും സോഷ്യല്‍മീഡിയയിലൂടെ സിപിഎം അനുഭാവികളും പറഞ്ഞുവെയ്ക്കുന്നു.

Exit mobile version