ചര്‍ച്ചകളിലും പൊതുരംഗത്തും ഇല്ല; വിട്ട് നിന്ന് ശോഭാ സുരേന്ദ്രന്‍, മാറ്റം നേതൃത്വത്തിലെ ‘അഴിച്ചു പണിക്ക്’ പിന്നാലെ

തിരുവനന്തപുരം: ചര്‍ച്ചകളിലും പൊതുരംഗത്തും ഇല്ലാതെ ഒഴിഞ്ഞുമാറി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ബിജെപിയുടെ സമരമുഖങ്ങളിലെ പ്രധാന സാന്നിധ്യമായിരുന്നു ശോഭ. എന്നാല്‍ കഴിഞ്ഞ ഏഴ് മാസത്തോളമായി ശോഭാ സുരേന്ദ്രന്‍ വിട്ടു നില്‍ക്കുകയാണ്. അതേസമയം, ശോഭ സുരേന്ദ്രന്‍ പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നുവെന്നും അവരെ ആരും ഒഴിവാക്കിയിട്ടില്ലെന്നും ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു. ഏഴുമാസത്തിലേറെയായി ശോഭ സുരേന്ദ്രന്‍ പൊതുരംഗത്ത് സജീവമാകാത്തിന് കാരണം അവരോട് തന്നെ ചോദിക്കണമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചു.

ബിജെപിയുടെ സമരപരിപാടികളിലെയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെയും മുഖ്യസാന്നിധ്യമായിരുന്നു ശോഭ സുരേന്ദ്രന്‍. പാര്‍ട്ടി സംസ്ഥാന അധ്യക്ഷപദത്തിലേക്ക് ശോഭ സുരേന്ദ്രന്റെ പേരും പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ അവയെല്ലാം തള്ളി കെ സുരേന്ദ്രനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി നിയമിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ശോഭ പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

സംസ്ഥാന സമിതി പുനഃസംഘടിപ്പിച്ചപ്പോള്‍ ശോഭയ്ക്ക് വൈസ് പ്രസിഡന്റ് പദവിയാണ് നല്‍കിയത്. ടെലിവിഷന്‍ ചര്‍ച്ചകളിലെയും നിത്യസാന്നിധ്യമായിരുന്ന ശോഭ ഏഴുമാസമായി അതിലും പങ്കെടുക്കുന്നില്ല. ടെലിവിഷന്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ പലതവണ ക്ഷണിച്ചിരുന്നെങ്കിലും അവര്‍ ഒഴിഞ്ഞുമാറുകയായിരുന്നു.

Exit mobile version