മന്ത്രിയുമായി നേരത്തെ അടുപ്പം, ചോറൂണ് മുന്‍കൂട്ടി നിശ്ചയിച്ചതെന്ന് കുഞ്ഞിന്റെ അച്ഛന്‍; പ്രശ്‌നങ്ങളൊന്നും നോക്കിയില്ലെന്ന് അമ്മയും

മലപ്പുറം: മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വന്‍ വിവാദങ്ങളും മറ്റും പുറത്ത് അരങ്ങേറുമ്പോള്‍ കുഞ്ഞിന് കൂളായി ചോറുകൊടുക്കുന്ന മന്ത്രിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നു. സംഭവത്തില്‍ പ്രതികരണവുമായി കുഞ്ഞിന്റെ മാതാപിതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് മന്ത്രി കെടി ജലീല്‍ ചോറൂണ് ചടങ്ങില്‍ പങ്കെടുത്തതെന്ന് കുട്ടിയുടെ പിതാവ് രഞ്ജിത് പറയുന്നു.

വളാഞ്ചേരിയിലെ വസതിയായ ‘ഗസലി’ല്‍ അയല്‍വാസിയായ രഞ്ജിത് ഷിബില ദമ്പതികളുടെ മകന്‍ ആദം ഗുവേരയുടെ ചോറൂണ് മന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയത്. ജലീലിന്റെ നിര്‍ദേശപ്രകാരം തന്നെയാണ് ശനിയാഴ്ച കുട്ടിയുടെ ചോറൂണ് നിശ്ചയിച്ചത്. നേരത്തേ മുതല്‍ തന്നെ മന്ത്രിയുമായി അടുപ്പമുണ്ട്.

അദ്ദേഹത്തെ കൊണ്ടുതന്നെ കുട്ടിക്ക് ചോറ് കൊടുക്കണമെന്ന് തീരുമാനിച്ചിരുന്നു. അതുകൊണ്ട് പ്രശ്‌നങ്ങളൊന്നും നോക്കിയില്ല. നേരത്തെ വീട്ടിലേക്ക് വരാമെന്നാണ് അറിയിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ മന്ത്രിയുടെ വസതിയിലേക്ക് എത്താന്‍ ആവശ്യപ്പെടുകയായിരുന്നെന്ന് കുട്ടിയുടെ മാതാവ് ഷിബിലയും പ്രതികരിച്ചു.

Exit mobile version