കനത്ത മഴ; കാസര്‍കോട് കോട്ടക്കുന്നില്‍ ഉരുള്‍പൊട്ടല്‍

കാസര്‍കോട്: കാസര്‍കോട് ബളാല്‍ പഞ്ചായത്തിലെ കോട്ടക്കുന്നില്‍ ഉരുള്‍പൊട്ടല്‍. ആളപായം ഒന്നുമില്ല. മൂന്ന് വീടുകള്‍ അപകടാവസ്ഥയിലായി. കല്ലും ചെളിയും വന്ന് നിറഞ്ഞ് ബളാല്‍ രാജപുരം റോഡിലെ ഗതാഗതം പൂര്‍ണ്ണമായി തടസപ്പെട്ടു.

കാസര്‍കോട് ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അപകടാവസ്ഥയിലായ വീട്ടിലുള്ളവരെ ബന്ധുവീട്ടുകളിലേക്ക് മാറ്റി. സംസ്ഥാനത്ത് നാല് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. കണ്ണൂര്‍ ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. കാസര്‍കോട് അടക്കം ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും.

നാളെ കാസര്‍കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നാളെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാനിടയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

Exit mobile version