ഈ വീടിന്റെ ഐശ്വര്യം ഉമ്മന്‍ചാണ്ടി കുത്തിയ ബാഡ്ജുകള്‍, മൂന്നു വലിയ ബാഗ് നിറയെ ഉമ്മന്‍ചാണ്ടി ഉപയോഗിച്ച ബാഡ്ജുകളുടെ വന്‍ ശേഖരവുമായി ബിജു

പുതുപ്പള്ളി: പല സാധനങ്ങളും ശേഖരിച്ചുവെയ്ക്കുന്ന സ്വഭാവമുള്ളവരായിരിക്കും നമ്മളില്‍ പലരും. അത്തരത്തില്‍ ബാഡ്ജുകള്‍ ശേഖരിച്ചുവെയ്ക്കുന്ന ഒരാളെ പരിചയപ്പെടാം. എന്നാല്‍ ഇദ്ദേഹം മറ്റുള്ളവരില്‍ നിന്നും അല്‍പ്പം വ്യത്യസ്തനാണ്. കാരണം കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി കുത്തുന്ന ബാഡ്ജുകള്‍ മാത്രമേ ഇദ്ദേഹം ശേഖരിക്കാറുള്ളൂ.

ചൂരംപള്ളി ബിജുവാണ് ഉമ്മന്‍ചാണ്ടി ഉപയോഗിച്ച ബാഡ്ജുകള്‍ ശേഖരിച്ച് സൂക്ഷിക്കുന്നത്. ഉമ്മന്‍ചാണ്ടി ആദ്യം മുഖ്യമന്ത്രിയായ സമയത്ത് ഒരു ഉദ്ഘാടന വേദിയില്‍ നിന്ന് അദ്ദേഹത്തിന്റെ ബാഡ്ജ് വാങ്ങി വീട്ടിലെ കലണ്ടറില്‍ കുത്തിവച്ചതാണ് ബിജു.

പിന്നെയതൊരു ഹോബിയായി. പരിപാടികള്‍ക്ക് ഉമ്മന്‍ ചാണ്ടി കുത്തുന്ന ബാഡ്ജ് വാങ്ങുന്നത് ബിജു പതിവാക്കി. അങ്ങനെ ഇതുവരെ ബിജു സ്വന്തമാക്കി സൂക്ഷിച്ചിരിക്കുന്നത് നൂറു കണക്കിനു ബാഡ്ജുകള്‍! ജോലി, അഡ്മിഷന്‍ മുതല്‍ സ്ഥലംമാറ്റം വരെ പലവിധ ആവശ്യങ്ങളുമായി തന്നെ കാണാന്‍ വരുന്നവര്‍ക്കിടയില്‍ എല്ലാ ബാഡ്ജും തരണമെന്ന എന്ന ബിജുവിന്റെ ആവശ്യം കേട്ട് ഉമ്മന്‍ചാണ്ടി ആദ്യം ചിരിച്ചെങ്കിലും പിന്നീട് കാര്യമായെടുത്തു.

ബിജുവിന് ബാഡ്ജുകള്‍ നല്‍കാന്‍ ഗണ്‍മാന്‍മാരെ ഇക്കാര്യം ചുമതലപ്പെടുത്തി. കേരളത്തില്‍ എവിടെ പരിപാടിയില്‍ പങ്കെടുത്താലും അതിന്റെ ബാഡ്ജ് ഓരോ സമയത്തെ ഗണ്‍മാന്‍മാര്‍ ബിജുവിനു വേണ്ടി വാങ്ങിവയ്ക്കും. പ്രദീപ്, അശോകന്‍, രവി ഇപ്പോഴുള്ള ഗണ്‍മാന്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ ഞായറാഴ്ചകളില്‍ പുതുപ്പള്ളിയില്‍ എത്തുമ്പോള്‍ കെട്ടുകണക്കിന് ബാഡ്ജുകള്‍ ബിജുവിന് ലഭിക്കും.

അങ്ങനെ ബാഡ്ജുകള്‍ ശേഖരിച്ച് ശേഖരിച്ച് മൂന്നു വലിയ ബാഗ് നിറയെ ബാഡ്ജുകളുടെ വന്‍ ശേഖരമായി ഇപ്പോള്‍. 2004ല്‍ തുടങ്ങിയതാണ് ബിജുവിന്റെ ഹോബി. ഇനിയും തുടരുമെന്നും ബിജു പറയുന്നു.

Exit mobile version