അലനും താഹയും ജയിൽ മോചിതരായി; എൻഐഎയുടെ അപേക്ഷ തള്ളി കോടതി; ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് സബിത മഠത്തിൽ

തൃശ്ശൂർ: പന്തീരാങ്കാവ് യുഎപിഎ കേസിൽ ജാമ്യം ലഭിച്ച അലനും താഹയും ജയിൽ മോചിതരായി പുറത്തിറങ്ങി. പത്ത് മാസത്തിനു ശേഷമാണ് ഇരുവരും ജയിൽ മോചിതരാകുന്നത്. വിയ്യൂർ ജയിലിലായിരുന്നു ഇരുവരെയും പാർപ്പിച്ചിരുന്നത്.

കർശന ഉപാധികളോടെ കഴിഞ്ഞ ദിവസമാണ് എൻഐഎ സ്‌പെഷൽ കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചിട്ടുള്ളത്. അതേസമയം, അലനും താഹയും പുറത്തിറങ്ങും മുമ്പ് തന്നെ ഇരുവർക്കും ജാമ്യം അനുവദിച്ചതിനെതിരെ എൻഐഎ ഹൈക്കോടതിയിലും എൻഐഎ സ്‌പെഷ്യൽ കോടതിയിലും അപ്പീൽ നൽകിയിരുന്നു. ഇന്ന് രാവിലെയാണ് അപ്പീൽ നൽകിയത്.

ഇരുവർക്കും മാവോവാദി ബന്ധമുള്ളതിന് തെളിവുണ്ടെന്നും ഹർജിയിൽ എൻഐഎ പറഞ്ഞിരുന്നു. കൂടാതെ, ഇരുവരുടെയും ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് നൽകിയ ഈ അപേക്ഷ സ്‌പെഷൽ കോടതി തള്ളുകയും ചെയ്തു.

അതേസമയം, മകൻ പുറത്തിറങ്ങിയതിൽ സന്തോഷമുണ്ടെന്ന് അലൻ ഷുഹൈബിന്റെ അമ്മ സബിത മഠത്തിൽ പ്രതികരിച്ചു. ഒപ്പം നിന്നവർക്ക് നന്ദിയുണ്ടെന്നും സബിത പറഞ്ഞു.

Exit mobile version