മാതാപിതാക്കളുടെ മരണശേഷം മാത്രം സ്വത്തുക്കളുടെ അവകാശം മക്കള്‍ക്ക് നല്‍കണം..! എംസി ജോസഫൈന്‍

കോഴിക്കോട്: കേരളത്തില്‍ വൃദ്ധസദനങ്ങളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ വനിതാ കമ്മീഷന്റെ പുതിയ ആവശ്യം ശ്രദ്ധേയമാകുന്നു. ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വത്തുക്കള്‍ മക്കളുടെ പേരിലേക്ക് മാറ്റിയെഴുതി അവസാനം മാതാപിതാക്കളെ ഉപേക്ഷിക്കുന്ന പ്രവണത കൂടുകയാണ്. സമീപകാലത്ത് കമ്മീഷന് മുന്നില്‍ വരുന്ന പരാതികളുടെ കണക്കുകള്‍ ഏറെയാണെന്ന് അധ്യക്ഷ എംസി ജോസഫൈന്‍ പറഞ്ഞു.

എന്നാല്‍ മരണാനന്തരം മാത്രം സ്വത്തുക്കള്‍ മക്കള്‍ക്ക് കൈവശപ്പെടുത്താനുള്ള നിലയിലേക്ക് കാര്യങ്ങള്‍ മാറണമെന്നാണ് ജോസഫൈന്‍ പറയുന്നത്. വൃദ്ധസദനങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരിശോധനകള്‍ നടത്തി ആവശ്യമായ സൗകര്യങ്ങള്‍ സജ്ജമാക്കണം. നിലവിലെ വയോജന നിയമം ശക്തമല്ല. വയോജന നിയമം നടപ്പിലാക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ റവന്യു ഡിവിഷണല്‍ ഓഫീസര്‍മാരാണ്. തങ്ങള്‍ക്ക് മുന്നിലെത്തുന്ന വയോജനങ്ങള്‍ക്ക് നീതി ലഭിക്കാന്‍ ഇവര്‍ മുന്‍കൈ എടുക്കണമെന്നും അവര്‍ പറഞ്ഞു. തുല്യവരുമാനമുള്ള തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ എണ്ണം കുറയുകയാണ്. ഈ അവസ്ഥക്കും മാറ്റമുണ്ടാവേണ്ടതുണ്ട്.

ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച വയോജന വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോസഫൈന്‍. സംഗമത്തില്‍ നിരവധി പ്രമുഖരും പങ്കെടുത്തു.

Exit mobile version