കൊവിഡ് രോഗിയായ 20കാരിയെ ആംബുലന്‍സില്‍ വെച്ച് കടന്നുപിടിച്ചു; 108 ആംബുലന്‍സ് ഡ്രൈവര്‍ പിടിയില്‍, സംഭവം ആറന്മുളയില്‍

പത്തനംതിട്ട: കൊവിഡ് രോഗിയായ 20കാരിയെ ആംബുലന്‍സില്‍ വെച്ച് കടന്നു പിടിക്കാന്‍ ശ്രമം. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് പെണ്‍കുട്ടിയെ 108 ആംബുലന്‍സ് ഡ്രൈവര്‍ കായംകുളം സ്വദേശി നൗഫല്‍ നശിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് ഡ്രൈവര്‍ നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തു.

അടൂരില്‍ നിന്ന് കോഴഞ്ചേരിയിലെ കൊവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നതിനിടയിലാണ് സംഭവം നടന്നത്. ആംബുലന്‍സില്‍ രണ്ടു യുവതികള്‍ ഉണ്ടായിരുന്നു. ഒരാളെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇറക്കാനാണ് ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കിയ നിര്‍ദേശം.

ഇതനുസരിച്ച് ഒരു യുവതിയെ ആശുപത്രിയിലിറക്കി, ശേഷം 20 കാരിയുമായി ഇയാള്‍ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് യാത്ര തുടര്‍ന്നു. യാത്രാമധ്യേ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. ചികിത്സാ കേന്ദ്രത്തിലെത്തിയ ശേഷം പെണ്‍കുട്ടി പോലീസില്‍ വിവരമറിയിച്ചു. രാത്രി തന്നെ പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇതേ തുടര്‍ന്നാണ് നൗഫലിനെ അറസ്റ്റ് ചെയ്തത്.

പിടിയിലായ പ്രതി നൗഫല്‍ കൊലക്കേസ് പ്രതിയാണ്. സമീപകാല കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ ഇയാള്‍ സജീവമാവുകയായിരുന്നു. ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലം പോലീസ് അന്വേഷിച്ച് വരികയാണ്. പെണ്‍കുട്ടിയെ ഞായറാഴ്ച വൈദ്യപരിശോധന്ക്ക് വിധേയയാക്കും. പിടിയിലായ നൗഫലിനെയും ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Exit mobile version