കെ സുരേന്ദ്രന്‍ വീണ്ടും ജാമ്യം തേടി കോടതിയിലേക്ക്; ഇത്തവണത്തെ ഹര്‍ജി പോലീസ് പീഡനം ചൂണ്ടിക്കാട്ടി

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ വിവിധ കേസുകളിലായി ജാമ്യമില്ലാതെ അഴിക്കുള്ളില്‍.

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ ലംഘിച്ച് ജയിലിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ വിവിധ കേസുകളിലായി ജാമ്യമില്ലാതെ അഴിക്കുള്ളില്‍. നിരവധി കേസുകളില്‍ ജാമ്യമെടുത്തെങ്കിലും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അറസ്റ്റ് തുടരുകയാണ്. ഇതിനിടെ കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനാണ് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്നതെന്നും ജാമ്യം അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.

സന്നിധാനത്ത് നവംബര്‍ ആറിന് 52 വയസുള്ള സ്ത്രീയേയും ബന്ധുവിനേയും അക്രമിച്ച സംഭവത്തിലാണ് ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. മറ്റൊരു കേസില്‍ അറസ്റ്റിലായ തനിക്ക് 15 ദിവസത്തിനുശേഷം ജാമ്യം ലഭിച്ചിരുന്നു. തൊട്ടു പിന്നാലെയാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തതെന്നാണ് സുരേന്ദ്രന്റെ ആരോപണം.

അതേസമയം, നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച കേസില്‍ സുരേന്ദ്രന്റെ റിമാന്റ് കാലാവധി ഇന്നവസാനിക്കും. പക്ഷേ, സന്നിധാനത്ത് അന്‍പത്തിരണ്ടുകാരിയെ ആക്രമിച്ച കേസിലുള്‍പ്പെടെ ജാമ്യം ലഭിച്ചാല്‍ മാത്രമേ സുരേന്ദ്രന് പുറത്തിറങ്ങാനാകൂ. 2013ല്‍ ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് തീവണ്ടി തടഞ്ഞ കേസ്, 2016ല്‍ നിയമം ലംഘിച്ച് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി എന്നീ കേസുകളില്‍ സുരേന്ദ്രന് ജാമ്യം കിട്ടിയിരുന്നു.

Exit mobile version