നീറ്റ്-ജെഇഇ പരീക്ഷകൾക്ക് മാറ്റമില്ല; നിശ്ചയിച്ച തീയതിയിൽ തന്നെ നടക്കും: ഹർജി തള്ളി സുപ്രീംകോടതി

Supreme Court | Kerala News

ന്യൂഡൽഹി: നീറ്റ്-ജെഇഇ പരീക്ഷകൾ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി തള്ളി. പരീക്ഷകൾ മുൻ നിശ്ചയിച്ച തീയതികളിൽ തന്നെ നടക്കും. പരീക്ഷ നടത്താൻ അനുമതി നൽകിയ വിധി പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാർ നൽകിയ പുനഃപരിശോധന ഹർജികളാണ് ജസ്റ്റിസ് അശോക്ഭൂഷണിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തളളിയത്. രാജ്യത്തെ സാങ്കേതിക സ്ഥാപനങ്ങളിലേക്കുള്ള ജോയിന്റ് എൻട്രൻസ് എക്‌സാം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് അടുത്ത മാസം 13 നാണ് ആരംഭിക്കുക.

കൊവിഡ് മഹാമാരിയുടെ വ്യാപനവും മരണസംഖ്യയും വർധിച്ചുകൊണ്ടിരിക്കെ സാമ്പ്രദായിക രീതിയിൽ നീറ്റ്-ജെഇഇ പരീക്ഷകൾ നടത്താനുള്ള തീരുമാനത്തിനെതിരെ വിദ്യാർത്ഥികളും പ്രതിപക്ഷവും വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷം ഭരിക്കുന്ന ഏഴു സംസ്ഥാനങ്ങളിലെ മന്ത്രിമാർ വ്യക്തിപരമായാണ് കോടതിയെ സമീപിച്ചത്.

Exit mobile version