ആസൂത്രണത്തിൽ ഡിസിസി നേതാക്കൾ നേരിട്ട് പങ്കെടുത്തു; സമാധാനം പ്രസംഗിക്കുന്ന കോൺഗ്രസ് എന്തുകൊണ്ട് ഇവരെ പുറത്താക്കുന്നില്ല: എഎ റഹീം

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട് രണ്ട് സിപിഎം പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് നേതാക്കൾക്ക് വ്യക്തമായ പങ്കുണ്ടെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. കേസിലെ പ്രതികൾക്കൊപ്പം കൊലപാതകത്തിന്റെ ആസൂത്രണത്തിൽ ഡിസിസി നേതാക്കൾ നേരിട്ട് പങ്കെടുത്തുവെന്നും എഎ റഹീം ആരോപിച്ചു.

ബ്ലോക്ക് കോൺഗ്രസ് നേതാവ് പുരുഷോത്തമൻ നായർ കേസിലെ പ്രധാന പ്രതികളുമായി സംഭവസ്ഥലത്ത് ഒരുമിച്ചുണ്ടായിരുന്നു. മുഖ്യപ്രതിയായ സജീവും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും കൊലപാതകത്തിന്റെ ആസൂത്രണത്തിൽ നേരിട്ട് പങ്കെടുത്തു. കഴിഞ്ഞ ദിവസം പിടിയിലായ ഉണ്ണി എന്ന ബിജു ഐഎൻടിയുസി മണ്ഡലം പ്രസിഡന്റും കോൺഗ്രസ് വാർഡ് പ്രസിഡന്റുമാണ്. മറ്റൊരു കൊലക്കേസിലെ പ്രതിയുമാണിയാൾ. സമാധാനം പ്രസംഗിക്കുന്ന കോൺഗ്രസ് നേതൃത്വം പ്രതികളെ ഇതുവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും റഹീം വിമർശിച്ചു.

കോൺഗ്രസ് ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമായതിനാലാണ് പ്രതികളെ പാർട്ടിയിൽ നിന്ന് പുറത്താക്കാത്തത്. അറസ്റ്റിലായ പ്രതികളുടെ നിയമസംരക്ഷണം കോൺഗ്രസ് ഏറ്റെടുത്തിരിക്കുകയാണ്. പാർട്ടിക്കാരായ പ്രതികളെ സംരക്ഷിക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിക്കുകയാണെന്നും റഹീം ചൂണ്ടിക്കാണിച്ചു.

കൊലപാതകത്തിൽ പാർട്ടിക്കുണ്ടായ അപമാനം മറച്ചുവയ്ക്കാനായി തെറ്റായ പ്രചരണങ്ങൾ നടത്തി കോൺഗ്രസ് നേതൃത്വം ഇരകളെ അവഹേളിക്കുകയാണ്. ഭാവിയിൽ കേസിലെ പ്രതികൾ ശിക്ഷിക്കപ്പെടരുതെന്ന് ലക്ഷ്യമിട്ട് അടൂർ പ്രകാശ് ശ്രമം നടത്തുന്നുണ്ട്. അന്വേഷണ ഏജൻസിയുടെ വിശ്വാസ്യതയെ കോൺഗ്രസ് ചോദ്യ ചെയ്യുന്നത് പ്രതികൾക്ക് വേണ്ടിയാണെന്നും റഹീം കുറ്റപ്പെടുത്തി.

Exit mobile version