കഫീൽ ഖാന്റെ വിമോചനത്തിനായി പരിശ്രമിച്ചതുപോലെ സഞ്ജീവ് ഭട്ടിന് വേണ്ടിയും ചെയ്യേണ്ടതുണ്ട്: സോഷ്യൽമീഡിയ രംഗത്ത്

കോഴിക്കോട്: പൗരത്വ ഭേദഗതി പ്രക്ഷോഭ പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ അന്യായമായി തടവിലാക്കിയ ഡോ. കഫീൽ ഖാന്റെ വിമോചനത്തിൽ പങ്കാളിയായതുപോലെ സഞ്ജീവ് ഭട്ടിനും വേണ്ടി പ്രവർത്തിക്കണമെന്ന് സോഷ്യൽമീഡിയയിൽ ആഹ്വാനം. എഴുത്തുകാരൻ കെപി പ്രസന്നനാണ് ആഹ്വാനവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. സോഷ്യൽമീഡിയയിലും സമാനമായ അഭിപ്രായങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കഫീൽ ഖാൻ എന്ന മനുഷ്യസ്‌നേഹിക്ക് വിനയായത് അദ്ദേഹത്തിന്റെ മുസ്‌ലിം വ്യക്തിത്വമാണ്. എന്നാൽ, സഞ്ജീവ് ഭട്ട് നീതിക്കുവേണ്ടി നിലകൊണ്ടു എന്നതാണ് ഭരണവർഗത്തിന് അപ്രിയമാക്കിയതെന്നും കെപി പ്രസന്നൻ ഫേസ്ബുക്കിൽ കുറിച്ചു. മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടിനെ 2019ലാണ് ജാംനഗർ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 30 വർഷം മുമ്പ് നടന്ന കസ്റ്റഡി മരണക്കേസിലാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ സുപ്രീംകോടതിയിലും നാനാവതി കമീഷനിലും മൊഴികൊടുത്തതിന്റെ പേരിലാണ് ഭട്ടിനെതിരെ ഗുജറാത്ത് സർക്കാറും കേന്ദ്ര സർക്കാറും പ്രതികാരനീക്കം നടത്തിയതും അറസ്റ്റ് ചെയ്തതും. 2002ലെ ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോഡി ഒത്താശ ചെയ്തുവെന്ന് സഞ്ജീവ് ഭട്ട് 2011ൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. അതിനുപിന്നാലെ അദ്ദേഹത്തെ പോലീസിൽനിന്ന് സസ്‌പെന്റ് ചെയ്യുകയും 2015ൽ പുറത്താക്കുകയും ചെയ്തു.

കെപി പ്രസന്നന്റെ ഫേസ്ബുക്ക് കുറിപ്പ്:

കഫീൽ ഖാന് വേണ്ടി പ്രാർഥിച്ചത് പോലെ, വിമോചനത്തിന്റെ പോരാട്ടത്തിൽ പങ്കാളി ആയതു പോലെ അല്ലെങ്കിൽ അതിലേറെ സഞ്ജീവ് ഭട്ടിനും വേണ്ടിയും ചെയ്യേണ്ടതുണ്ട്. കഫീൽ ഖാൻ എന്ന മനുഷ്യസ്‌നേഹിക്ക് വിനയായത് അദ്ദേഹത്തിന്റെ മുസ്ലിം ഐഡൻറ്റിറ്റി ആണെന്നാണ് ഞാൻ കരുതുന്നത്. മോഡിഫൈഡ് ഇന്ത്യയിൽ ഓരോ മുസ്ലിമിനും അത് പ്രതീക്ഷിക്കാം. എന്നാൽ സഞ്ജീവ് ഭട്ട് നീതിക്കു വേണ്ടി നിലകൊണ്ടു എന്നതാണ് ഭരണവർഗ്ഗത്തിനു അപ്രിയമാക്കിയത്. അനീതിയോടു രാജിയാവുന്ന, കണ്ണടക്കുന്ന ഹിന്ദുക്കൾ വേട്ടയാടപ്പെടില്ല.

അതുകൊണ്ടു സഞ്ജീവ് ഭട്ടുമാരെ കണ്ണിലെ കൃഷ്ണമണിയെ പോലെ സംരക്ഷിക്കാൻ ഇന്ത്യയിലെ മതേതര വിശ്വാസികൾ ബാധ്യസ്ഥരാണ്. അദ്ദേഹത്തിന് വേണ്ടി പോരാടാനും. നീതി കൊതിക്കുന്ന മുസ്ലിങ്ങൾക്ക് പ്രതീക്ഷ വേണ്ട മനുഷ്യരാണ് അവരൊക്കെ !

Exit mobile version