ഇനിമുതല്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിര്‍ത്തും; സര്‍വീസുകള്‍ പരിഷ്‌കരിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി

കോഴിക്കോട്: കെഎസ്ആര്‍ടിസിയെ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പരിഷ്‌കരിക്കുന്നു. യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിര്‍ത്തിക്കൊടുക്കാനാണ് പുതിയ തീരുമാനം. ഓര്‍ഡിനറി ബസുകളിലാണ് പരിഷ്‌ക്കാരം നടപ്പാക്കുക. ജീവനക്കാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം തേടിയ ശേഷമാകും ഇത് നടപ്പാക്കുക.

ആദ്യം തെക്കന്‍ ജില്ലകളിലാകും ഈ തീരുമാനം നടപ്പാക്കുക. സ്വകാര്യ ബസുകള്‍ നിര്‍ത്തുന്ന സ്റ്റോപ്പുകളിലെല്ലാം ഓര്‍ഡിനറി ബസുകളും നിര്‍ത്തുന്നത് പരിഗണനയിലുണ്ടെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.

യാത്രക്കാരെ അവഗണിച്ച് കൊണ്ടാണ് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നതെന്ന് ഏറെ കാലമായി ഉയരുന്ന പരാതിയാണെന്നും ഇതിനൊരു പരിഹാരമാണ് സര്‍ക്കാര്‍ ആഗ്രിക്കുന്നതെന്നും ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. ജീവനക്കാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ഒരാഴ്ചയ്ക്കകം നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് പശ്ചാത്തലത്തില്‍ വന്‍ സാമ്പത്തിക ബാധ്യതയാണ് കെഎസ്ആര്‍ടിസിക്ക് ഉണ്ടായത്. ജൂലൈ മാസത്തില്‍ 21 കോടി രൂപ വരുമാനം ലഭിച്ചപ്പോള്‍ 14 കോടിയിലധികം രൂപ ഡീസലിന് മാത്രമാണ് ചെലവിട്ടത്. ജനസൗഹൃദമാക്കുന്നതിലൂടെ പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നടപടി.

Exit mobile version