ധൈര്യമായി വണ്ടി വിട്ടോ, ഞാനുണ്ട് കൂടെ; ബസ് ഡ്രൈവറായ അച്ഛന് കൂട്ടായി കണ്ടക്ടറായി എത്തി മകള്‍, ഒരു മിടുക്കി പെണ്‍കുട്ടി

തൃശ്ശൂര്‍: ജോലി ചെയ്ത് കുടുംബം നോക്കല്‍ പെണ്‍കുട്ടികളെ കൊണ്ട് കൂട്ടിയാല്‍ കൂടില്ലാ എന്നാണ് പൊതുവെ പലരുടെയും അഭിപ്രായം. എന്നാല്‍ കുടുംബ പ്രാരാബ്ധങ്ങള്‍ അച്ഛനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് ഏറ്റെടുത്തു വച്ചിരിക്കുന്ന ഈ തന്റേടിയായ പെണ്‍കുട്ടിയെ അറിഞ്ഞാല്‍ ഒരുപക്ഷേ ആ അഭിപ്രായമൊക്കെ മാറും.

ഇരിങ്ങാലക്കുട പടിയൂര്‍ സ്വദേശി കാറളത്തുവീട്ടില്‍ ഗോപകുമാറിന്റെ മകള്‍ ശ്രദ്ധയാണ് പെണ്‍മക്കളെന്നാല്‍ കെട്ടിച്ച് ബാധ്യത ഒഴിപ്പിക്കേണ്ടവളല്ല എന്ന് ജീവിതം കൊണ്ട് കാണിച്ചു കൊടുത്ത ആ പെണ്‍കരുത്ത്. ബസ് ഡ്രൈവറായ അച്ഛന്റെ ബാധ്യതകള്‍ ബെല്ലും ബ്രേക്കുമില്ലാതെ പാഞ്ഞപ്പോള്‍ കണ്ടക്ടറുടെ കുപ്പായമണിഞ്ഞ മിടുക്കിപ്പെണ്ണാണ് ശ്രദ്ധ.

അച്ഛന്‍ ബസ് ഓടിക്കുമ്പോള്‍ കാക്കിയണിഞ്ഞ് റാക്കുമേന്തി ചിരിയോടെ യാത്രക്കാര്‍ക്ക് ശ്രദ്ധ ടിക്കറ്റ് നല്‍കും. ഇരിങ്ങാലക്കുട-ആമ്പല്ലൂര്‍ എറവക്കാട് റൂട്ടിലോടുന്ന ഘണ്ഠാകര്‍ണന്‍ എന്നാണ് ശ്രദ്ധയുടെയും അച്ഛന്റെയും ബസ്സിന്റെ പേര്. ആ ബസ് ഓടിക്കിട്ടിയതില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നുമാണ് ഇതുവരേയും പിടിച്ചു നിന്നതെന്ന് ശ്രദ്ധ പറയുന്നു.

ആ വണ്ടിയിലാണ് ഞങ്ങളുടെ ജീവനും ജീവിതവും. കഴിഞ്ഞ 25 വര്‍ഷങ്ങളായി അച്ഛന്‍ ഞങ്ങളെ പോറ്റാനായി ആ വളയം പിടിക്കുന്നു. ആ ബസ് ഓടിക്കിട്ടിയതില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നുമാണ് ഇതുവരേയും പിടിച്ചു നിന്നത്. അത് നിലയ്ക്കുമെന്ന് തോന്നിയപ്പോള്‍ കെട്ടിയതാണ് ഈ വേഷം. ഒന്നോര്‍ക്കുമ്പോള്‍ അഭിമാനമുണ്ട്. എന്റെ അച്ഛനെ സഹായിക്കാനായല്ലോ- ശ്രദ്ധ പറയുന്നു.

കോവിഡ് നാളുകളില്‍ മൂന്നുമാസം ബസ് ഓടിയിരുന്നില്ല. മാസം മുപ്പതിനായിരം രൂപ വായ്പാ തിരിച്ചടവുണ്ട് അച്ഛന്. അതു മുടങ്ങും എന്ന അവസ്ഥ വന്നതോടെ വണ്ടി റൂട്ടിലിറക്കി. പക്ഷേ അപ്പോഴും തീര്‍ന്നില്ല പ്രശ്നങ്ങള്‍. ജീവനക്കാരെവെച്ച് ഓടിച്ചാല്‍ നിലവിലുള്ള പ്രതിസന്ധി ഇനിയുമേറും എന്നുറപ്പായി. അപ്പോഴും വണ്ടി റൂട്ടിലിറക്കാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാ എന്ന അവസ്ഥ. ഈ സാഹചര്യത്തിലാണ് എനിക്ക് കാക്കിയിടേണ്ടി വന്നത്.

ഓര്‍മ്മ വച്ച കാലം മുതല്‍ ഞങ്ങള്‍ക്ക് ഈ വണ്ടിയല്ലാതെ വേറെ വരുമാനമില്ല. വേറൊരാളെ വെച്ചാല്‍ കൊടുക്കാന്‍ അച്ഛന്റെ കൈയില്‍ പൈസയില്ല. അതു കൊണ്ടാണ്് കണ്ടക്ടറായത്. ആദ്യം ചെറിയ പേടിയൊക്കെ ഉണ്ടായിരുന്നു. ഇപ്പോള്‍ ഈ കാക്കിയോട് ഇണങ്ങി തുടങ്ങിയിരിക്കുന്നു.

ആദ്യദിവസങ്ങളില്‍ ടിക്കറ്റ് നിരക്ക് സംബന്ധിച്ചും ഫെയര്‍ സ്റ്റേജിനെ കുറിച്ചുമൊക്കെ അല്ലറ ചില്ലറ ആശങ്കയുണ്ടായിരുന്നു. ഫെയര്‍ സ്റ്റേജ് കടലാസില്‍ എഴുതി കൈയില്‍ വെച്ചായിരുന്നു യാത്രക്കാരെ സമീപിച്ചിരുന്നത്. ആളുകള്‍ അധികമില്ലാത്തതിനാല്‍ വലിയ പ്രശ്നമില്ല. എന്തെങ്കിലും സംശയം വന്നാല്‍ അച്ഛന്‍ സഹായിക്കും. പിന്നെനമ്മുടെ സ്ഥിരം യാത്രക്കാരും സഹായിക്കുമെന്നും ശ്രദ്ധ ഒരു മാധ്യമത്തോടായി പറഞ്ഞു.

രാവിലെ 6.45നാണ് ട്രിപ്പ് ആരംഭിക്കുന്നത്. പുത്തന്‍ചിറ കൊമ്പത്തുകടവില്‍ നിന്നാണ് ആദ്യ ട്രിപ്പ്. അവിടെനിന്ന് ഗോപകുമാര്‍ വണ്ടി ഒറ്റയ്ക്ക് ഇരിങ്ങാലക്കുടയിലെത്തിക്കും. അപ്പോഴേയ്ക്കും കാക്കിയണിഞ്ഞ് ബാഗുമായി ഞാന്‍ അവിടെകാത്തു നില്‍ക്കും. വൈകുന്നേരം അവസാന 6.30നുള്ള അവസാന ട്രിപ്പ് വരെ ഞാനുണ്ടാകും. ഭക്ഷണം വീട്ടില്‍ നിന്ന് കൊണ്ടു വരാറാണ് പതിവെന്നും ശ്രദ്ധ വ്യക്തമാക്കി.

പ്ലസ്ടു കഴിഞ്ഞ് സി.എ. ഇന്റര്‍മീഡിയറ്റ് പാസ്സായി ഫൈനലിന് തയ്യാറെടുക്കുകയാണ് ഞാന്‍. പ്രതിസന്ധി തെല്ലൊന്നൊഴിഞ്ഞാല്‍ വീണ്ടും പഠനത്തിലേക്ക് ശ്രദ്ധ തിരിക്കണം. അപ്പോഴും അന്നം തന്ന് കാത്ത ഈ ജോലി ഞാന്‍ മറക്കില്ല. ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് രാംജിത്ത് അനിയനാണ്. ഓണ്‍ലൈന്‍ ക്ലാസില്ലാത്ത ദിവസങ്ങളില്‍ എന്നെയും അച്ഛനേയും സഹായിക്കാന്‍ രാംജിത്തുമെത്താറുണ്ട്. സീമയാണ് അമ്മ.

പെണ്‍കുട്ടികള്‍ക്ക് പറ്റിയതാണോ ഈ ജോലി എന്ന ചോദ്യത്തിന് പുതിയ കാലത്ത് പ്രസക്തിയേ ഇല്ല. കെഎസ്ആര്‍ടിസിയിലൊക്കെ എത്ര ചേച്ചിമാരാണ് കണ്ടക്ടര്‍ ജോലി ചെയ്യുന്നത്. പിന്നെ ഇതു ഞങ്ങളുടെ ബസ് അല്ലേ… ഡ്രൈവര്‍ എന്റെ അച്ഛനും. അപ്പോള്‍ ഈ ജോലി ചെയ്യുന്നതില്‍ അഭിമാനം കൂടുകയേ ഉള്ളൂവെന്നും ശ്രദ്ധ പറയുന്നു.

Exit mobile version