‘തിരുവനന്തപുരത്തുണ്ടല്ലോ അല്ലേ, പായസം കൊടുത്തയക്കുന്നുണ്ട്’ തിരുവോണ നാളില്‍ എത്തിയ മുഖ്യമന്ത്രിയുടെ ക്ഷേമാന്വേഷണവും കരുതലും പങ്കുവെച്ച് മന്ത്രി കെടി ജലീല്‍

തിരുവനന്തപുരം: തിരുവോണ നാളില്‍ എത്തിയ മുഖ്യമന്ത്രിയുടെ ക്ഷേമാന്വേഷണവും കരുതലും പങ്കുവെച്ച് മന്ത്രി കെടി ജലീല്‍. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം കുറിച്ചത്. തിരുവോണനാളില്‍ രാവിലെ വന്ന വിളികളില്‍ ഒന്ന് ക്ലീഫ് ഹൗസില്‍ നിന്ന് മുഖ്യമന്ത്രിയുടേതായിരുന്നു. ഫോണെടുത്തയുടന്‍ ഞാനദ്ദേഹത്തിന് ഓണാശംസകള്‍ നേര്‍ന്നു. ”തിരുവനന്തപുരത്തുണ്ടല്ലോ അല്ലേ’, അദ്ദേഹത്തിന്റെ ചോദ്യം.’അതെ’എന്ന എന്റെ മറുപടി. സ്‌നേഹമസൃണമായ ക്ഷേമാന്വേഷണത്തിനൊടുവില്‍ അദ്ദേഹം പറഞ്ഞു; ‘പായസം കൊടുത്തയക്കുന്നുണ്ട്’. കുറച്ചു സമയം കഴിഞ്ഞപ്പോഴേക്ക് തൂക്കുപാത്രത്തില്‍ പായസവുമായി ആളെത്തി. എനിക്ക് വലിയ സന്തോഷം തോന്നിയെന്ന് മന്ത്രി കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

തിരുവോണനാളില്‍ രാവിലെ വന്ന വിളികളില്‍ ഒന്ന് ക്ലീഫ് ഹൗസില്‍ നിന്ന് മുഖ്യമന്ത്രിയുടേതായിരുന്നു. ഫോണെടുത്തയുടന്‍ ഞാനദ്ദേഹത്തിന് ഓണാശംസകള്‍ നേര്‍ന്നു. ”തിരുവനന്തപുരത്തുണ്ടല്ലോ അല്ലേ’, അദ്ദേഹത്തിന്റെ ചോദ്യം.’അതെ’എന്ന എന്റെ മറുപടി. സ്‌നേഹമസൃണമായ ക്ഷേമാന്വേഷണത്തിനൊടുവില്‍ അദ്ദേഹം പറഞ്ഞു; ‘പായസം കൊടുത്തയക്കുന്നുണ്ട്’. കുറച്ചു സമയം കഴിഞ്ഞപ്പോഴേക്ക് തൂക്കുപാത്രത്തില്‍ പായസവുമായി ആളെത്തി. എനിക്ക് വലിയ സന്തോഷം തോന്നി.

എന്റെ രണ്ട് ഗണ്‍മാന്‍മാര്‍ക്കും ഡ്രൈവര്‍ക്കും ഒരു സ്റ്റാഫിനും കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് സ്വയം കോറണ്ടൈനിലാണ് ഞാന്‍. ഓണത്തിന് നാട്ടിലില്ലാത്തത് ആദ്യമാണെന്ന് തോന്നുന്നു. ബുദ്ധിയുറച്ച നാള്‍മുതല്‍ തൊട്ടടുത്ത അയല്‍വാസിയും കളിക്കൂട്ടുകാരനുമായ പപ്പന്റെ അമ്മ കൊടുത്തയക്കുന്ന കായ വറുത്തതും ശര്‍ക്കര ഉപ്പേരിയും പായസവും ഓണാഘോഷം പൊലിമ നിറഞ്ഞതാക്കിയിരുന്നു. കുറേ വര്‍ഷങ്ങളായി അവന്റെ വീട്ടില്‍ നിന്നാണ് ഓണസദ്യ. പതിവുപോലെ അമ്മ പറഞ്ഞ്, പപ്പന്‍ ഇന്നലെ എന്നെ വിളിച്ചിരുന്നു. വരാന്‍ പറ്റാത്ത വിഷമം ഞാനവനോട് പങ്കുവെച്ചു. എന്നാലും മനസ്സിലെവിടെയോ ഒരു വിഷമം ബാക്കിനിന്നു. അതാണ് മുഖ്യമന്ത്രിയുടെ വിളിയിലൂടെയും അദ്ദേഹം കൊടുത്തയച്ച പായസത്തിലൂടെയും മാറിക്കിട്ടിയത്. മുഖ്യമന്ത്രിക്കും കമലേച്ചിക്കും കുടുംബത്തിനും, മഠത്തിലെ അമ്മക്കും രാജേട്ടനും ഹേമച്ചേച്ചിക്കും പ്രഭക്കും പപ്പനുമടക്കം മുഴുവന്‍ മലയാളികള്‍ക്കും ഹൃദ്യമായ ഓണാശംസകള്‍. മാപ്പിളപ്പാട്ടിന്റെ ഈണത്തിലുള്ള ഓണപ്പാട്ടാണ് വീഡിയോ ക്ലിപ്പായി താഴെ കൊടുക്കുന്നത്. എല്ലാവരും അത് കേള്‍ക്കുമല്ലോ?

Exit mobile version