ടിക്കറ്റ് വേണ്ട! പമ്പ- ത്രിവേണി റൂട്ടില്‍ സൗജന്യയാത്ര ഒരുക്കി കെഎസ്ആര്‍ടിസി

ത്രിവേണി പെട്രോള്‍ പമ്പ് മുതല്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് വരെയാണ് ഈ ബസുകള്‍ സര്‍വ്വീസ് നടത്തുന്നത്.

ശബരിമല; പമ്പ- ത്രിവേണി റൂട്ടില്‍ അയ്യപ്പന്മാര്‍ക്ക് സൗജന്യയാത്ര ഒരുക്കി 2 കെഎസ്ആര്‍ടിസി ബസുകള്‍. ത്രിവേണി പെട്രോള്‍ പമ്പ് മുതല്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് വരെയാണ് ഈ ബസുകള്‍ സര്‍വ്വീസ് നടത്തുന്നത്.

പെട്രോള്‍ പമ്പ് പടി മുതല്‍ പമ്പ ബസ് സ്റ്റാന്‍ഡ് വരെ ഒരു കിലോമീറ്റര്‍
കഷ്ടിച്ചേയുള്ളൂ. എപ്പോഴും ഒരു ബസ് ത്രിവേണിയിലും അടുത്തത് സ്റ്റാന്‍ഡിലുമാണ്. ത്രിവേണിയിലെ ബസില്‍ അയ്യപ്പന്മാര്‍ നിറയുമ്പോള്‍ വിടും. അതേസമയത്തു തന്നെ സ്റ്റാന്‍ഡിലുളള ബസ് ത്രിവേണിക്കു പുറപ്പെടും. കഴിഞ്ഞ വര്‍ഷം വരെ പമ്പ-ത്രിവേണി റൂട്ടില്‍ 10 രൂപ നിരക്കില്‍ യാത്ര ചെയ്യാന്‍ ഒരുക്കിയിരുന്ന ബസാണ് ഇപ്പോള്‍ പൂര്‍ണമായും സൗജന്യമാക്കിയത്.

ഇത്തവണ തീര്‍ഥാടകരുടെ സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കല്‍ വരെയാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. നിലയ്ക്കല്‍- പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി മാത്രമേയുള്ളു. നിലയ്ക്കല്‍ നിന്നു പമ്പയ്ക്കുള്ള ടിക്കറ്റ് എടുക്കുമ്പോള്‍ മടക്കയാത്ര ഉള്‍പ്പെടെയാണ് ലഭിക്കുന്നത്. അതിനാല്‍ അയ്യപ്പന്മാരുടെ പണം യാത്ര ചെയ്യും മുന്‍പേ കെഎസ്ആര്‍ടിസിയുടെ കൈവശം എത്തും. അതിനാല്‍ ത്രിവേണിയില്‍ നിന്നു ബസ് സ്റ്റാന്‍ഡ് വരെ സൗജന്യമായി യാത്ര ചെയ്യാന്‍ അനുവദിച്ചാലും കെഎസ്ആര്‍ടിസിയ്ക്കു നഷ്ടമില്ല.

Exit mobile version