ഡിവൈഎഫ്‌ഐ പ്രവർത്തകരെ വെട്ടിയത് കോൺഗ്രസ് നേതാവ് സജീവൻ: രക്ഷപ്പെട്ട ഷെഹിൻ പറയുന്നു

തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകരെ വെട്ടി കൊലപ്പെടുത്തിയത് കോൺഗ്രസ് നേതാവ് സജീവിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നുവെന്ന് മുഖ്യ സാക്ഷി ഷെഹിൻ. ആറ് പേരായിരുന്നു ആക്രമി സംഘത്തിലുണ്ടായിരുന്നതെന്നും കൊലപാതകത്തിന് ശേഷം ഇവർ കാറിൽ രക്ഷപ്പെട്ടുവെന്നും ഷെഹിൻ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ആക്രമണം നടത്തിയതിന് സമീപമുള്ള സിസിടിവിയും ആക്രമികൾ തിരിച്ചു വച്ചെന്നാണ് വിവരം. കൊല്ലപ്പെട്ട ഹക്കും മിഥിലാജും തന്റെ വാഹനത്തിന് പിന്നിലായിരുന്നുവെന്നും. ക്രൂരമായിട്ടായിരുന്നു ആക്രമണമെന്നും ഷെഹിൻ പറയുന്നു.

ഇന്നലെ രാത്രിയാണ് വെഞ്ഞാറമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകരെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബൈക്ക് ഉടമയടക്കം മൂന്ന് പേർ പോലീസിന്റെ കസ്റ്റഡിയിലാണ്. രാഷ്ട്രീയവൈര്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് തിരുവനന്തപുരം റൂറൽ എസ്പി വ്യക്തമാക്കിയിട്ടുണ്ട്.

ബൈക്കിലെത്തി കൊല നടത്തിയ സംഘം കൃത്യത്തിന് ശേഷം ബൈക്ക് ഉപേക്ഷിച്ച് കാറിലാണ് രക്ഷപ്പെട്ടതെന്നാണ് വിവരം. അക്രമം നടത്തിയതിന് സമീപമുള്ള സിസിടിവി ക്യാമറയും അക്രമികൾ തിരിച്ചു വെച്ചെന്ന വിവരത്തിന് സ്ഥിരീകരണമായിട്ടില്ല. ബൈക്കിലെത്തിയ സംഘം ഇരുവരേയും വളയുകയും മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. നെഞ്ചിന് കുത്തേറ്റ മിഥിലാജ് സംഭവസ്ഥലത്ത് വെച്ചും ഹക് മുഹമ്മദ് ആശുപത്രിയിലും മരിച്ചു. ഹക് മുഹമ്മദ് സിപിഐഎം കലിങ്ങിൽ മുഖം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. മിഥിലാജ് ഡിവൈഎഫ്‌ഐ തേവലക്കാട് യൂണിറ്റ് സെക്രട്ടറിയാണ്. പ്രദേശത്ത് നേരത്തെ കോൺഗ്രസ് സിപിഎം സംഘർഷം നിലനിന്നിരുന്നു.

Exit mobile version