പോപ്പുലർ ഫിനാൻസ് തട്ടിപ്പിന് പിന്നിൽ ഉടമകളുടെ മക്കൾ; എല്ലാം കൃത്യമായി പ്ലാൻ ചെയ്ത് നടപ്പാക്കിയത്

പൊളിഞ്ഞതല്ല, തട്ടിച്ചത് തന്നെ; പോപ്പുലർ ഫിനാൻസ് തട്ടിപ്പിന് പിന്നിൽ ഉടമകളുടെ മക്കൾ; എല്ലാം കൃത്യമായി പ്ലാൻ ചെയ്ത് നടപ്പാക്കിയത്; വിദേശത്തും കടലാസ് കമ്പനികളിലും നിക്ഷേപം

popular finance family

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പിന് പിന്നിൽ കമ്പനി ഉടമകളായ ദമ്പതികളുടെ മക്കളാണ് പ്രവർത്തിച്ചതെന്ന് പോലീസ് കണ്ടെത്തൽ. പോപ്പുലർ ഫിനാൻസ് എംഡി തോമസ് ഡാനിയേൽ മാനേജിങ് പാർട്ണർ പ്രഭാ തോമസ് എന്നിവരുടെ മക്കളായ റീനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവരാണ് തട്ടിപ്പിന് പിന്നിലെ പ്രധാന ആസൂത്രകർ.

നിക്ഷേപകരിൽനിന്ന് സ്വീകരിച്ച പണം ഇരുവരും ചേർന്നാണ് വിദേശരാജ്യങ്ങളിൽ നിക്ഷേപിച്ചതെന്നും പോലീസ് കണ്ടെത്തി. കേസിൽ അറസ്റ്റിലായ നാലുപേരെയും പത്തനംതിട്ടയിൽ ചോദ്യം ചെയ്തുവരികയാണ്. 2014ൽ രജിസ്റ്റർ ചെയ്ത ഒരു കേസിനെ തുടർന്ന് തോമസ് ഡാനിയേലിനും ഭാര്യയ്ക്കും പണം സ്വീകരിക്കാൻ സാങ്കേതികമായി തടസങ്ങളുണ്ടായിരുന്നു. ഇതോടെയാണ് മക്കളുടെ പേരിലേക്ക് പണം മാറ്റിയത്. പിന്നീട് ഇവർ തന്നെ എല്ലാകാര്യങ്ങൾക്കും ചുക്കാൻപിടിച്ചു. നിക്ഷേപകരുടെ പണം വകമാറ്റി. ഇരുവരും ചേർന്ന് ഓസ്‌ട്രേലിയ അടക്കമുള്ള വിദേശരാജ്യങ്ങളിൽ കോടിക്കണക്കിന് രൂപ നിക്ഷേപിച്ചു. സമീപകാലത്ത് ആന്ധ്രയിൽ 2 കോടിയുടെ ഭൂമി വാങ്ങി.

പോപ്പുലർ ഫിനാൻസിന്റെ മറവിൽ നിരവധി എൽഎൽപി കമ്പനികൾ തുടങ്ങി. ഈ കമ്പനികളിലേക്കാണ് ആളുകളെ കബളിപ്പിച്ച് പണം സ്വീകരിച്ചത്. ഇവയിൽ പലതും കടലാസ് കമ്പനികളാണ്. പോപ്പുലർ ഫിനാൻസിൽ രണ്ടായിരം കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായാണ് പോലീസിന്റെ കണ്ടെത്തൽ. നിക്ഷേപകർ പരാതിയുമായി രംഗത്തുവന്നതോടെ തോമസ് ഡാനിയേലും പ്രഭയും മുങ്ങിയിരുന്നു. തോമസിന്റെ രണ്ട് മക്കളെ വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഡൽഹി വിമാനത്താവളത്തിൽനിന്ന് പിടികൂടി. തൊട്ടടുത്തദിവസം തോമസ് ഡാനിയേലിനെയും ഭാര്യയെയും ചങ്ങനാശ്ശേരിയിൽനിന്നും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Exit mobile version