ഇനിയും തരൂരിനെ വിമര്‍ശിക്കുന്നത് ശരിയല്ല: പിന്തുണച്ച് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍

തിരുവനന്തപുരം: ശശി തരൂരിനെ പിന്തുണച്ച് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. കത്ത് നല്‍കിയതിന് ശേഷമുള്ള ഹൈക്കമാന്‍ഡ് തീരുമാനം തരൂര്‍ അംഗീകരിച്ചു. ഇതിന് ശേഷവും വിമര്‍ശനം ഉന്നയിക്കുന്നത് ശരിയല്ലെന്ന് ബെന്നി ബെഹനാന്‍ പറഞ്ഞു. ശശി തരൂരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ രംഗത്ത് വന്നതോടെയാണ് വിഷയത്തില്‍ യുഡിഎഫ് കണ്‍വീനര്‍ ഇടപെട്ടത്.

കോണ്‍ഗ്രസില്‍ അഴിച്ചുപണി ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്തയച്ചത് ഉള്‍പ്പെടെ വിവിധ വിഷയങ്ങളിലാണ് തരൂരും കോണ്‍ഗ്രസിന്റെ സംസ്ഥാന ഘടകവുമായി അഭിപ്രായ ഭിന്നതകള്‍ ഉടലെടുത്തത്.ശശി തരൂര്‍ എംപി ഗസ്റ്റ് ആര്‍ട്ടിസ്റ്റാണെന്നും രാഷ്ട്രീയ പക്വതയില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി വിമര്‍ശിച്ചിരുന്നു. കെ മുരളിധരനും ശശീ തരൂരിനെ വിമര്‍ശിച്ചിരുന്നു. തങ്ങളാരും ശശി തരൂരിനെ പോലെ വിശ്വപൗരന്‍മാരല്ലെന്നാണ് മുരളീധരന്‍ പറഞ്ഞത്.

അതിനിടെ, കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യപ്രസ്താവന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിലക്കി. എഐസിസി നിര്‍ദേശം പാലിക്കണമെന്ന് പറഞ്ഞ മുല്ലപ്പള്ളി പാര്‍ട്ടി വേദികളില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും അറിയിച്ചു.ദേശീയ നേതൃത്വത്തെ ചൊല്ലിയുള്ള തര്‍ക്കം കേരളത്തിലെ നേതാക്കളിലും വാക്‌പോരിന് വഴിയിട്ടതോടെയാണ് കെപിസിസി ഇടപെടല്‍.

Exit mobile version