“ആരോഗ്യ ഐഡിയില്‍ ജാതി ചോദിക്കുന്നതില്‍ തെറ്റില്ല”; വിവാദ വ്യവസ്ഥകളെ അനുകൂലിച്ച് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ആരോഗ്യ ഐഡിയില്‍ ജാതി ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ജാതി ചോദിക്കുന്നത് നാട്ടില്‍ കുറ്റകരമല്ല. ജാതി ചോദിക്കരുതെന്ന് ആരും പറഞ്ഞിട്ടില്ല. സര്‍ക്കാരിന്റെ അപേക്ഷകളില്‍ ജാതി ചോദിക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഇവിടെ ജാതി ചോദിക്കാത്ത ആരാണുള്ളതെന്നും കേരളത്തില്‍ സര്‍ക്കാരിന്റെ ഏത് അപേക്ഷ ഫോറത്തിലാണ് ജാതി ഇല്ലാത്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു. ഒന്നാംക്ലാസില്‍ ചേര്‍ക്കുമ്പോള്‍ ജാതി ചോദിക്കുന്നില്ലേ എന്നും സുരേന്ദ്രന്‍ ചോദിച്ചു.

അതേസമയം ആരോഗ്യഐഡിയില്‍ ജാതിയും മതവും രാഷ്ട്രീയവും എന്തിനാണെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. ആരോഗ്യ ഐഡി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ പുറത്തിറക്കിയ കരട് നയത്തിലാണ് ജാതി ചോദിക്കുന്നത്. ജാതി, മതം, രാഷ്ട്രീയം, ലൈംഗികത എന്നിവയ്ക്ക് പുറമേ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങളും തേടും. രോഗവിവരങ്ങള്‍, പരിശോധന, കഴിക്കുന്ന മരുന്നുകള്‍, ലാബ് റിപ്പോര്‍ട്ടുകളും എന്നിവയും ചോദിക്കുന്നുണ്ട്.

കരട് ആരോഗ്യ നയത്തില്‍ സെപ്റ്റംബര്‍ മൂന്നുവരെ ജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി ആരോഗ്യഐഡി പ്രഖ്യാപിച്ചത്. ആരോഗ്യമേഖലയിലെ വിപ്ലവമെന്നായിരുന്നു അവകാശ വാദം. ഇതിന്റെ ചുവട് പിടിച്ചാണ് ആരോഗ്യ മന്ത്രാലയം കരട് നയം പുറത്തിറക്കിയത്. അതേസമയം ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന ആരോപണം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. ആരോഗ്യ ഐഡിയെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

Exit mobile version