നടിയെ ആക്രമിച്ച കേസ്; അഭിഭാഷകരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

നടിയെ ആക്രമിച്ച ശേഷം, ഒളിവില്‍ കഴിയവെ കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ അഡ്വ. പ്രതീഷ് ചാക്കോയെയും അഡ്വ. രാജു ജോസഫിനെയും സമീപിച്ചിരുന്നു.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ സുനില്‍കുമാറിന് വേണ്ടി മുന്‍പ് ഹാജരായ അഭിഭാഷകരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. സുനില്‍ കുമാറിന് വേണ്ടി ഹാജരായ അഡ്വ. പ്രതീഷ് ചാക്കോ, അഡ്വ. രാജു ജോസഫ് എന്നിവരെയാണ് ഒഴിവാക്കിയത്.

നടിയെ ആക്രമിച്ച ശേഷം, ഒളിവില്‍ കഴിയവെ കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ അഡ്വ. പ്രതീഷ് ചാക്കോയെയും അഡ്വ. രാജു ജോസഫിനെയും സമീപിച്ചിരുന്നു. നടിയെ ആക്രമിച്ച ശേഷം പകര്‍ത്തിയ ദൃശ്യങ്ങളുള്ള മൊബൈല്‍ ഫോണ്‍ സുനില്‍കുമാര്‍ അഡ്വ. പ്രതീഷ് ചാക്കോയ്ക്കാണ് കൈമാറിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേസിലെ നിര്‍ണായക തെളിവായ ഈ ദൃശ്യങ്ങളടങ്ങിയ ഫോണ്‍ ഒളിപ്പിച്ചെന്ന കുറ്റത്തിന് പ്രതീഷ് ചാക്കോയ്‌ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ചോദ്യം ചെയ്യലിനായി നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജരാകാതെ ആദ്യം പ്രതീഷ് ചാക്കോ ഒളിവില്‍ പോയി. തുടര്‍ന്ന് ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിനായി ഹാജരായപ്പോള്‍ അന്വേഷണ സംഘം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയും ചെയ്തു. നിര്‍ണായക തെളിവുകളടങ്ങിയ ഫോണ്‍ ഒളിപ്പിച്ചു, ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് നശിപ്പിച്ചു എന്നീ കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ പോലീസ് പ്രധാനമായും ചുമത്തിയത്. ക്രിമിനല്‍ നടപടി ചട്ടം 41(എ) പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.

തുടര്‍ന്ന് ഇതിനെതിരെ ഇരുവരും ഹൈക്കോടതിയെ സമീപിയ്ക്കുകയായിരുന്നു. ഒളിവിലായിരുന്ന പ്രതി ഇരുവര്‍ക്കും വക്കാലത്ത് നല്‍കിയെന്നല്ലാതെ മറ്റേത് കുറ്റമാണ് നിലനില്‍ക്കുകയെന്ന് കോടതി ചോദിച്ചു. മെമ്മറി കാര്‍ഡ് നശിപ്പിച്ചെന്നോ, തെളിവുകള്‍ ഇല്ലാതാക്കിയെന്നോ പ്രോസിക്യൂഷന് സംശയാതീതമായി തെളിയിക്കാനും കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ യഥാര്‍ഥ ഫോണ്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നതിനാല്‍ കുറ്റങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഇരുവരും നല്‍കിയ വിടുതല്‍ ഹര്‍ജി ഹൈക്കോടതി അംഗീകരിയ്ക്കുകയായിരുന്നു.

Exit mobile version