ക്യാമ്പസുകളില്‍ ഇനി ഒരു അഭിമന്യു ഉണ്ടാകരുത്, ക്യാമ്പസ് ഫ്രണ്ടിന്റെ സംഘടിത ശ്രമത്തില്‍ പ്രതിഷേധിച്ച് സംഘടന വിട്ട് യൂണിറ്റ് സെക്രട്ടറി

തിരുവനന്തപുരം: ക്യാമ്പസുകളില്‍ ഇനി ഒരു അഭിമന്യു ഉണ്ടാകരുത്. ക്യാമ്പസ് ഫ്രണ്ടിന്റെ സംഘടിത ശ്രമത്തില്‍ പ്രതിഷേധിച്ച് എന്നെന്നേക്കുമായി സംഘടനയില്‍ നിന്നും പുറത്തു പോകുകയാണെന്ന് യൂണിറ്റ് സെക്രട്ടറിയുടെ പ്രഖ്യാപനം.
തിരുവനന്തപുരം പെരിങ്ങമ്മല ഇക്ബാല്‍ കോളേജ് യൂണിറ്റ് സെക്രട്ടറി അസ്ലം യൂസഫാണ് സംഘടന വിടുന്നവിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

തിങ്കളാഴ്ച ഇക്ബാല്‍ കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പുറത്തുനിന്നെത്തിയ ക്യാമ്പസ് ഫ്രണ്ട് എസ്ഡിപിഐ സംഘം ആക്രമിച്ചിരുന്നു. ആക്രമണത്തില്‍ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. തുടര്‍ന്നാണ് അസ്ലമിന്റെ തീരുമാനം.

അസ്ലമിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം…

എന്റെ പേര് അസ്ലം.
ഞാൻ ഇക്ബാൽ കോളേജിൽ മൂന്നാം വർഷ BA COMMUNICATIVE ENGLISH വിദ്യാർത്ഥിയാണ്. കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ ഇക്ബാൽ കോളേജ് യൂണിറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു.03 12 2018 തിങ്കൾ വൈകുന്നേരത്തോടു കൂടി CFI വിളംബര ജാഥ നടക്കുകയുണ്ടായി. പ്രകോപനപരമായ നീക്കങ്ങൾ SDPlയുടെ പ്രാദേശിക പ്രവർത്തകരുടെ ഭാഗത്തു നിന്നുണ്ടാകുകയും SFI യിലെ ഒരു വിദ്യാർത്ഥിയെ മർദ്ദിച്ച് അവശനാക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ധാർമ്മികത്വത്തിനു വിരുദ്ധമായ ഈ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് ഞാൻ എന്റെ സ്ഥാനം രാജിവക്കുകയും തുടർന്നുള്ള എല്ലാ സംഘടനാപ്രവർത്തനത്തിൽ നിന്നും അംഗത്ത്വത്തിൽ നിന്നും പുറത്ത് പോവുകയാണ്. ക്യാമ്പസുകളിൽ അഭിമന്യുമാരെ സൃഷ്ടിക്കാൻ വേണ്ടിയുള്ള ക്യാമ്പസ് ഫ്രണ്ടിന്റെ സംഘടിത ശ്രമമാണ് ഇതിൽ പ്രതിഷേധിച്ച് കൊണ്ട് ഞാൻ ഈ സംഘടനയിൽ നിന്നും എന്നെന്നേയ്ക്കുമായ് പുറത്ത് പോവുകയാണ്.

Exit mobile version