കോവിഡ്; തിരുവനന്തപുരത്തും മലപ്പുറത്തും അതിവ്യാപനം, സമ്പര്‍ക്കരോഗികളുടെ എണ്ണം കുതിച്ചുയരുന്നു, ആശങ്ക

തിരുവനന്തപുരം: തിരുവനന്തപുരത്തും മലപ്പുറത്തും കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇരുജില്ലകളിലും സമ്പര്‍ക്കത്തിലൂടെ നിരവധി പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് തിരുവനന്തപുരത്ത് 411ഉം മലപ്പുറത്ത് 318 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ച 1983 പേരില്‍ 1777 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 99 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കോഴിക്കോട് 146, എറണാകുളം144 , കോട്ടയം 127, ആലപ്പുഴ 124, തൃശൂര്‍ 104, കാസര്‍ഗോഡ് 95, കൊല്ലം 77, കണ്ണൂര്‍ 72, പത്തനംതിട്ട 68, പാലക്കാട് 60, ഇടുക്കി 16, വയനാട് 15 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

സമ്പര്‍ക്കരോഗികളില്‍ 109 പേരുടെ ഉറവിടം വ്യക്തമല്ല. 35 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 14, മലപ്പുറം ജില്ലയിലെ 6, തൃശൂര്‍ ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 4, കോഴിക്കോട്, വയനാട് ജില്ലകളിലെ 2 വീതവും, ആലപ്പുഴ, പാലക്കാട് ജില്ലകളിലെ ഒന്നു വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 7 ഐ.എന്‍.എച്ച്.എസ്. ജിവനക്കാര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ ഒരു ഡി.എസ്.സി. ജീവനക്കാരനും രോഗം ബാധിച്ചു. രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്നത് അധികൃതരെയും ആരോഗ്യപ്രവര്‍ത്തകരെയും ആശങ്കയിലാഴ്ത്തുന്നു.

Exit mobile version