എലി, ഒച്ച്, തെരുവു നായ്ക്കള്‍ എന്നിവയുടെ ശല്യം ഇനിയില്ല..! പെണ്‍കരുത്തില്‍ അംബികയ്ക്ക് അടച്ചുറപ്പുള്ള വീട്; മാതൃകയായി കുമ്പളങ്ങി പഞ്ചായത്തിലെ കുടുംബശ്രീ

കൊച്ചി: കുമ്പളങ്ങി പഞ്ചായത്തിലെ പെണ്‍കരുത്തിന് മുന്നില്‍ നാടിന്റെ പ്രണാമം. യുവതികളുടെ നിശ്ചയ ദാര്‍ഢ്യം കൊണ്ട് പണികഴിപ്പിച്ച ആദ്യ ലൈഫ് ഭവനം പൂര്‍ത്തിയായി. വീടിന്റെ താക്കോല്‍ ദാനം കെവി തോമസ് എംപി നിര്‍വ്വഹിച്ചു. നിര്‍മ്മാണ മേഖലയിലേക്ക് സ്ത്രീകള്‍ കടന്നുവന്നത് ചെറിയ കാര്യമല്ല. ധൈര്യപൂര്‍വ്വം മുന്നോട്ടുവന്ന് വീട് പണി പൂര്‍ത്തിയാക്കിയ കുടുംബശ്രീ അംഗങ്ങളും അതിന് നേതൃത്വം നല്‍കിയ കുടുംബശ്രീ ജില്ലാ മിഷനും അംഗീകാരം അര്‍ഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അയല്‍കൂട്ടം വനിതകള്‍ നിര്‍മ്മിക്കുന്ന മൂന്നാമത്തെ ലൈഫ് ഭവനവാണ് അംബികയുടേത്. 28 വര്‍ഷങ്ങളായി മണ്ണിന്റെ നിലമുള്ള ഷെഡില്‍ കഴിഞ്ഞിരുന്ന അംബികയ്ക്കും കുടുംബത്തിനും പുതിയ വീട് ലഭ്യമായത് വളരെ ആശ്വാസമായിരിക്കുകയാണ്. അംബികയും കൂലിപ്പണിക്കാരനായ ഭര്‍ത്താവ് ബാബുവും രണ്ട് മക്കളും ഉള്‍പ്പെടെ ഒരു മുറി മാത്രമുള്ള ഷെഡിലായിരുന്നു ഇത്രയും കാലത്തെ ജീവിതം. എല്ലാ മഴയിലും വീടിനകത്ത് വെള്ളം കയറും. ഈ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം അംബികയ്ക്ക് ഡെങ്കിപ്പനി ബാധിച്ചു. ഇഴജന്തുക്കള്‍, എലി, ഒച്ച്, തെരുവു നായ്ക്കള്‍ എന്നിവയുടെ ശല്യം രൂക്ഷമായിരുന്നു. മഴ പെയ്യുന്ന ദിവസങ്ങളില്‍ അംബികയും മക്കളും അനുജന്റെ വീടിന്റെ തിണ്ണയിലായിരുന്നു അന്തിയുറങ്ങിയിരുന്നത്. കൊതുക് ധാരാളമുള്ള ചുറ്റുപാടില്‍ മഴയിലും ബാബു മഴക്കോട്ട് ധരിച്ച് ഷെഡ്ഡില്‍ തന്നെ കിടക്കും. യാതൊരു തടസങ്ങളും ബുദ്ധിമുട്ടുകളും ഇല്ലാതെ എല്ലാ ഉദ്യോഗസ്ഥരും വീടുപണിക്കായി സഹകരിച്ചുവെന്ന് അംബിക പറഞ്ഞു. തങ്ങളുടെ ജീവിതത്തില്‍ സന്തോഷത്തിന്റെ നാളുകള്‍ സമ്മാനിച്ച എല്ലാവര്‍ക്കും അവര്‍ നന്ദി അര്‍പ്പിച്ചു.

ഈ പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് കുടുംബശ്രീ അംഗങ്ങള്‍ അല്‍പം മടിയോടെയാണ് ഇതിനെ സമീപിച്ചത്. എന്നാല്‍ ആലപ്പുഴയിലെ എക്‌സാക്റ്റ് ഏജന്‍സി നല്‍കിയ ക്ലാസുകളിലൂടെ ഇവര്‍ ആത്മവിശ്വാസം വീണ്ടെടുക്കുകയായിരുന്നു. കുടുംബശ്രീ അംഗങ്ങള്‍ക്കായി ജില്ലാ മിഷന്‍ ചുമതലപ്പെടുത്തിയ സംഘടനയാണ് എക്‌സാക്റ്റ്. നാല് ദിവസങ്ങളിലായി കുമ്പളങ്ങി പഞ്ചായത്തില്‍ വച്ചാണ് ക്ലാസുകള്‍ സംഘടിപ്പിച്ചത്. ഇതോടൊപ്പം തന്നെ വീടുപണിക്ക് ആവശ്യമായ കട്ട നിര്‍മ്മാണത്തിലും ഇവര്‍ക്ക് പരിശീലനം നല്‍കി

Exit mobile version