രണ്ടാംവയസ്സില്‍ ദേശീയ-അന്തര്‍ദേശീയ റെക്കോര്‍ഡുകള്‍; അക്കങ്ങളെയും അക്ഷരങ്ങളെയും ചങ്ങാതിമാരാക്കി കുഞ്ഞ് ഈഥന്‍

ഹൈദരാബാദ്: വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് പറഞ്ഞു തുടങ്ങുന്ന പ്രായത്തില്‍ ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലുമൊക്കെ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് രണ്ട് വയസ്സുകാരന്‍ ഈഥന്‍. കളിപ്പാട്ടങ്ങളെക്കാള്‍ കൂടുതല്‍ അക്കങ്ങളെയും അക്ഷരങ്ങളെയും ഇഷ്ടപ്പെടുന്ന ഈഥന്‍ ഇപ്പോള്‍ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിരിക്കുകയാണ്.

ഇംഗ്ലീഷ് അക്ഷരമാലയും വാക്കുകളും എല്ലാം ഈ കുരുന്നിന് മനഃപാഠമാണ്. അക്ഷരമാലയും 1 മുതല്‍ 100 വരെയുള്ള അക്കങ്ങളും വിപരീത ക്രമത്തില്‍ കൃത്യമായി പറഞ്ഞുകൊണ്ടാണ് ഈഥന്‍ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയത്. രണ്ടു വയസ്സും നാലുമാസവും മാത്രമാണ് കുഞ്ഞ് ഈഥന്റെ പ്രായം.

ഇതിനോടകം തന്നെ സംഖ്യകളും ഇംഗ്ലീഷ് അക്ഷരമാല Z മുതല്‍ A വരെ എന്ന വിപരീത രീതിയില്‍ ക്രമപ്പെടുത്തുക, ഒന്നു മുതല്‍ 100 വരെയുള്ള അക്കങ്ങള്‍ അവരോഹണക്രമത്തില്‍ എഴുതുകയും പറയുകയും ചെയ്യുക, ഒന്നുമുതല്‍ പത്തുവരെയുള്ള അക്കങ്ങളുടെ വര്‍ഗ്ഗങ്ങള്‍ പറയുക, ഇംഗ്ലീഷ് അക്ഷരമാല A മുതല്‍ Z വരെ ശരിയായി ക്രമപ്പെടുത്തുക, 18 നിറങ്ങള്‍- 16 ആകൃതികള്‍- 15 മൃഗങ്ങളുടെ ശബ്ദങ്ങള്‍ എന്നിവ തിരിച്ചറിയുക, ഒന്നിനും നൂറിനും ഇടയിലുള്ള ഇരട്ട സംഖ്യകള്‍ ക്രമത്തില്‍ പറയുക, ഒന്നിനും നൂറിനും ഇടയിലുള്ള ഒറ്റസംഖ്യകള്‍ ക്രമത്തില്‍ പറയുക എന്നിങ്ങനെ ഏഴ് വിഭാഗങ്ങളിലായാണ് ഈഥന്‍ റെക്കോഡുകള്‍ നേടിയത്.

ഈ വിഭാഗങ്ങളില്‍ കൃത്യമായി പ്രകടനം കാഴ്ചവെക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോഡാണ് ഈഥന്‍ സൃഷ്ടിച്ചിരിക്കുന്നത്. രണ്ടു വയസ്സും ഒരു മാസവും മാത്രം പ്രായമുള്ളപ്പോള്‍ ഇംഗ്ലീഷ് അക്ഷരമാല വിപരീത രീതിയില്‍ ക്രമപ്പെടുത്തി ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന ടൈറ്റിലും ഈ കുരുന്നു പ്രതിഭ നേടിയിരുന്നു.

മത്സരിച്ചത് 1 മുതല്‍ 100 വരെയുള്ള അക്കങ്ങളെ അടിസ്ഥാനപ്പെടുത്തിയാണെങ്കിലും ആയിരം വരെയുള്ള അക്കങ്ങള്‍ ഈഥന് ഹൃദ്യസ്ഥമാണ്. സംഖ്യകള്‍ എഴുതാനും വാക്കുകളും ചെറിയ വാക്യങ്ങളും വായിക്കുവാനും ചെറുപ്രായത്തില്‍ ഈ കൊച്ചുമിടുക്കന്‍ പഠിച്ചുകഴിഞ്ഞു. ഒന്നു മുതല്‍ 14 വരെയുള്ള അക്കങ്ങളുടെ ഗുണന പട്ടികയും ഈഥന് മന:പാഠമാണ്.

കൊച്ചി സ്വദേശിയായ അച്ഛന്‍ അശ്വിന്‍ രാജുവും കണ്ണൂര്‍ സ്വദേശിനിയായ അമ്മ ഹര്‍ഷ മാത്യൂസും തന്നെയാണ് മകന് എല്ലാ പ്രോത്സാഹനങ്ങളും നല്‍കുന്നത്. മാതാപിതാക്കള്‍ക്കൊപ്പം ഹൈദരാബാദിലാണ് കുഞ്ഞ് ഈഥന്‍ താമസിക്കുന്നത്. താന്‍ സൃഷ്ടിച്ച റെക്കോര്‍ഡുകളെ കുറിച്ച് ഒന്നുമറിയാതെ കളിച്ചുനടക്കുകയാണ് കുഞ്ഞ് ഈഥന്‍.

Exit mobile version