റോഡിലേയ്ക്ക് വീണ പന്തെടുക്കാന്‍ ദേശീയപാതയുടെ ഒത്ത നടുവില്‍ കുരുന്ന്; പാഞ്ഞെത്തിയ കെഎസ്ആര്‍ടിസി ബ്രേക്കിട്ടത് തുണച്ചു, അത്ഭുത രക്ഷ

പാറശാല: റോഡിലേയ്ക്ക് വീണ പന്തെടുക്കാന്‍ ദേശീയപാതയിലേയ്ക്ക് ഇറങ്ങിയ കുരുന്നിന് അത്ഭുത രക്ഷ. കൈയ്യില്‍ നിന്ന് വീണ പന്ത് ഉരുണ്ട് റോഡിലേയ്ക്ക് വീണത് എടുക്കാന്‍ ഓടിയതായിരുന്നു കുഞ്ഞ്. ശേഷം പാഞ്ഞെത്തിയ കെഎസ്ആര്‍ടിസി ബസ് ബ്രേക്കിട്ടത് മൂലം വലിയ അപകടമാണ് ഒഴിഞ്ഞു മാറിയത്.

ഇന്നലെ വൈകിട്ട് 4.40ന് ഉദിയന്‍കുളങ്ങര ജംഗ്ഷനു സമീപത്തെ സൈക്കിള്‍ വില്‍പന കേന്ദ്രത്തിനു മുന്നിലായിരുന്നു സംഭവം.സൈക്കിള്‍ വാങ്ങാന്‍ നെയ്യാറ്റിന്‍കര സ്വദേശികളായ മാതാപിതാക്കള്‍ക്കും സഹോദരനും ഒപ്പം എത്തിയ 2 വയസ്സുകാരന്‍ കൈയില്‍ നിന്നു പോയ പന്ത് വീണ്ടെടുക്കാന്‍ റോഡിലേക്ക് ഓടുകയായിരുന്നു.

ഇതേസമയം റോഡിലൂടെ വരികയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് ബസ് ബ്രേക്കിട്ട് കുഞ്ഞിന്റെ ഒരു മീറ്റര്‍ അകലെ വരെ എത്തി നിന്നു. എതിര്‍ദിശയില്‍ നിന്ന് എത്തിയ ബൈക്കും നേരിയ വ്യത്യാസത്തിലാണ് കടന്നു പോയത്. മരണവക്കില്‍ നിന്നുമാണ് കുരുന്ന് ജീവിതത്തിലേയ്ക്ക് തിരികെ വന്നത്.

Exit mobile version