സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ഇന്ന് മരിച്ചത് അഞ്ച് പേര്‍

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി രാമകൃഷണ പിള്ള (73) ആണ് മരിച്ചത്. പക്ഷാഘാത ബാധിതനായിരുന്ന രാമകൃഷ്ണ പിള്ള കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.

നേരത്തെ രണ്ട് മലപ്പുറം സ്വദേശികളും, ഒരു കോഴിക്കോട് സ്വദേശിയും ഒരു ആലപ്പുഴ സ്വദേശിയും മരിച്ചിരുന്നു. മുഹമ്മദ് ഇഖ്ബാല്‍, എന്തീന്‍കുട്ടി, അഹമ്മദ് ഹംസ, ക്ലീറ്റസ് എന്നിവരാണ് ഇന്ന് കൊവിഡ് ബാധിച്ച മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാത്രം മൂന്ന് പേരാണ് മരിച്ചത്. മുഹമ്മദ് ഇഖ്ബാലും എന്തീന്‍കുട്ടിയും അഹമ്മദ് ഹംസയും ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് മരണപ്പെട്ടത്.

കൊവിഡ് ബാധിച്ച് മരിച്ച കോഴിക്കോട് നല്ലളം അരീക്കാട് സ്വദേശി ഹംസക്ക് 72 വയസായിരുന്നു. ഇദ്ദേഹത്തിന്റെ രോഗ ഉറവിടം വ്യക്തമല്ല. 12 ദിവസം കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞതിന് പിന്നാലെയാണ് മരണം. 71 വയസുകാരനായ മലപ്പുറം ചെറിയമുണ്ട സ്വദേശി എയ്ന്തിന്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ഇരിക്കേ മരിച്ചു. ഹൃദയ , വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.58 വയസുകാരനായ മലപ്പുറം നടുവത്ത് സ്വദേശി മുഹമ്മദ് ഇഖ്ബാല്‍ മരിച്ചു. ഇദ്ദേഹം ശ്വാസകോശത്തില്‍ അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഇന്നലെ രാത്രിയോടെ മരിച്ച ആലപ്പുഴ കനാല്‍ വാര്‍ഡ് സ്വദേശിയായ ക്ലീറ്റസിനും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയില്‍ പനിക്ക് ചികിത്സ തേടിയ ക്ലീറ്റസിന്റെ സ്രവം പരിശോധനയ്ക്കായി എടുത്തിരുന്നു. ക്ലീറ്റസിന്റെ പരിശോധനാഫലം പോസിറ്റീവായി.

Exit mobile version