നിരന്തരം പണം ആവശ്യപ്പെട്ടതോടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിന് കുരുക്കിട്ട് വിജിലൻസ്

1.40 ഏക്കർ ഭൂമി പോക്കുവരവ് ചെയ്യാൻ ഒന്നരലക്ഷം കൈക്കൂലി; വീട്ടമ്മയോട് നിരന്തരം പണം ആവശ്യപ്പെട്ടതോടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിന് കുരുക്കിട്ട് വിജിലൻസ്; സംഭവം ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: മാതാവിന്റെ പേരിലുള്ള വസ്തു സ്വന്തം പേരിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് വീട്ടമ്മയിൽ നിന്നു കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പിടിയിലായി. മൂന്നിലവ് വില്ലേജ് ഓഫിസിലെ ജീവനക്കാരൻ മേലുകാവ് സ്വദേശി ടി റെജി (52)യാണു വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. അടിമാലിയിൽ താമസിക്കുന്ന ഈരാറ്റുപേട്ട മേച്ചാൽ സ്വദേശിനിയുടെ ഇല്ലിക്കൽ കല്ലിലെ 1.40 ഏക്കർ വസ്തു പോക്കുവരവ് ചെയ്തു കൊടുക്കാനായാണ് ഇയാൾ ഒന്നരലക്ഷം രൂപ ഇടനിലക്കാരൻ വഴി ആവശ്യപ്പെട്ടത്. പരാതിക്കാരിയുടെ മാതാവിന്റെ പേരിലുള്ള സ്ഥലമാണ് മാതാവിന്റെ മരണത്തെ തുടർന്ന് പരാതിക്കാരിക്കു ലഭിച്ചത്.

വീട്ടമ്മയുടെ മാതാവിനെ സഹോദരൻ കൊപ്പെടുത്തുകയായിരുന്നു. ഇയാൾക്ക് സ്വത്തിൽ അവകാശമില്ലെന്നുള്ള ഹൈക്കോടതി ഉത്തരവുമായാണ് വീട്ടമ്മ വില്ലേജ് ഓഫീസിൽ എത്തിയത്. സ്ഥലം പോക്കുവരവു ചെയ്യാൻ 4 വർഷത്തിനിടെ പരാതിക്കാരി പല തവണ എത്തിയെങ്കിലും നടന്നില്ല. തുടർന്നാണു ജോസ് എന്നയാൾ വഴി വില്ലേജ് ഫീൽഡ് അസിസ്റ്റന്റിനെ സമീപിച്ചത്. ഒന്നര ലക്ഷം രൂപയാണു കൈക്കൂലി ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായി 40,000 രൂപ ജോസ് മുഖേന നൽകി. എന്നാൽ 10,000 രൂപ റെജിക്കു നൽകി ബാക്കി 30,000 രൂപ ജോസ് തട്ടിയെന്നു വിജിലൻസ് പറയുന്നു.

ഇതിനു പിന്നാലെ റെജി 50,000 രൂപ കൂടി നൽകിയാലേ സർട്ടിഫിക്കറ്റ് നൽകൂവെന്നും അറിയിച്ചു. പല തവണ ഫോണിൽ ആവശ്യം അറിയിച്ചതോടെ പരാതിക്കാരി വിജിലൻസ് എസ്പി വി ജി വിനോദ്കുമാറിനെ സമീപിച്ചു. വിജിലൻസ് നൽകിയ ഫിനോഫ്തലിൻ പുരട്ടിയ 50,000 രൂപ റെജിയുടെ മേലുകാവുമറ്റം ഭാഗത്തുള്ള വീടിനു സമീപം വച്ച് പരാതിക്കാരി നൽകുകയായിരുന്നു. ഈ പണം വാങ്ങി കാറിൽ വയ്ക്കുന്നതിനിടെയാണു വിജിലൻസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

ഡിവൈഎസ്പിമാരായ വി ജി രവീന്ദ്രനാഥ്, കെകെ വിശ്വനാഥൻ, ഇൻസ്‌പെക്ടർമാരായ റിജോ പി ജോസഫ്, സജു എസ് ദാസ്, എസ്‌ഐമാരായ വിൻസന്റ് കെ മാത്യു, സന്തോഷ്, പ്രസന്നകുമാർ, എഎസ്‌ഐമാരായ സ്റ്റാൻലി തോമസ്, തുളസീധരക്കുറുപ്പ്, സുരേഷ് കുമാർ, സിപിഒ അനൂപ്, നീതു എന്നിവരാണ് വിജിലൻസ് സംഘത്തിലുണ്ടായിരുന്നത്.

Exit mobile version