കൊടുങ്ങല്ലൂരിൽ കൊവിഡ് ബാധിച്ച് വയോധിക മരിച്ചു; സംസ്ഥാനത്ത് ഇന്നു മാത്രം സ്ഥിരീകരിച്ചത് എട്ട് കൊവിഡ് മരണങ്ങൾ

തൃശ്ശൂർ: സംസ്ഥാനത്ത് ഇന്ന് മാത്രം സ്ഥിരീകരിച്ചത് എട്ട് കൊവിഡ് മരണങ്ങൾ. ഞായറാഴ്ച ഉച്ചവരെ മാത്രമുള്ള കണക്കാണിത്. ഇന്നലെ മരിച്ച തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി ശാരദ (70)യ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശാരദ. തിരുവനന്തപുരത്ത് സ്ഥിരീകരിച്ച മൂന്ന് മരണം ഉൾപ്പടെ സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് എട്ട് മരണങ്ങളാണ്. പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരനും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. വിചാരണ തടവുകാരനായ മണികണ്ഠൻ (72) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്.

വയനാട് വാളാട് സ്വദേശി ആലി (73), കണ്ണൂർ കണ്ണപുരം സ്വദേശി കൃഷ്ണൻ, ആലപ്പുഴ പത്തിയൂർ സ്വദേശി സദാനന്ദൻ (63), കോന്നി സ്വദേശി ഷഹറുബാൻ (54), ചിറയിൻകീഴ് സ്വേദേശി രമാദേവി (68), കഴിഞ്ഞ ദിവസം മരിച്ച പരവൂർ സ്വദേശി കമലമ്മ (85) എന്നിവരുടെ മരണവും കൊവിഡ് മൂലമാണെന്ന് ഞായറാഴ്ച സ്ഥിരീകരിച്ചു.

ശ്വാസകോശ അർബുദത്തിന് ചികിത്സയിലായിരുന്ന വയനാട് സ്വദേശി ആലിയെ ജൂലായ് 28ന് ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ മറികടന്ന് വിവാഹച്ചടങ്ങുകൾ നടത്തിയതിനെ തുടർന്ന് കൊവിഡ് വ്യാപനമുണ്ടായ മേഖലയാണ് വാളാട്. രോഗവ്യാപമുണ്ടായ വാളാട് ക്ലസ്റ്ററിൽ ഉൾപ്പെട്ട പ്രദേശത്തെ താമസക്കാരനായിരുന്നു അലി. പുലർച്ചെ മൂന്നു മണിയോടെയാണ് മരണം സംഭവിച്ചത്. ശനിയാഴ്ച രാത്രിയോടെയാണ് കണ്ണൂർ സ്വദേശി കൃഷ്ണൻ മരിച്ചത്. വ്യാഴാഴ്ചയോടെയാണ് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ഇദ്ദേഹം. ശനിയാഴ്ച രാത്രിയോടെയാണ് ആലപ്പുഴ സ്വദേശിയായ സദാനന്ദൻ മരിച്ചത്. ജൂലായ് അഞ്ചു മുതൽ ഇദ്ദേഹം ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയം, കരൾ, വൃക്ക സംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയും ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

Exit mobile version