പ്രശസ്ത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ അന്തരിച്ചു. 81 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പുലര്‍ച്ചെ 1.40-ഓടെയായിരുന്നു അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. ചാലപ്പുറം ഗവ. അച്യുതന്‍ ഗേള്‍സ് എച്ച്എസ്എസിലെ റിട്ട. ഹെഡ്മിസ്ട്രസ് തങ്കമണിയാണ് ഭാര്യ , മകന്‍: ഡോ. ഫിറോസ് രാജന്‍, മകള്‍ ഡോ. പോപ്പി രാജന്‍.

നിരവധി പ്രതിഭകളെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളിലൂടെ അടയാളപ്പെടുത്തിയ ഫോട്ടോഗ്രാഫറാണ് പുനലൂര്‍ രാജന്‍. 1963ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആര്‍ട്ടിസ്റ്റ് ഫോട്ടോഗ്രാഫറായി എത്തിയതോടെയാണ് കോഴിക്കോട് അദ്ദേഹത്തിന്റെ തട്ടകമായി മാറുന്നത്. 1994-ലാണ് അദ്ദേഹം മെഡിക്കല്‍ കോളേജില്‍ നിന്ന് വിരമിച്ചത്.

കൊല്ലം ജില്ലയിലെ ശൂരനാട്ട് പുത്തന്‍വിളയില്‍ ശ്രീധരന്റെയും പള്ളിക്കുന്നത്ത് ഈശ്വരിയുടെയും മകനായി 1939 ഓഗസ്റ്റിലാണ് പുനലൂര്‍ രാജന്‍ ജനിച്ചത്. മാവേലിക്കര രവിവര്‍മ സ്‌കൂളില്‍നിന്ന് ഫൈന്‍ ആര്‍ട്‌സ് ഡിപ്ലോമ നേടിയിട്ടുണ്ട് അദ്ദേഹം. ‘ബഷീര്‍: ഛായയും ഓര്‍മയും’, ‘എംടിയുടെ കാലം’ എന്നിവയാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ . രണ്ടാംലോകയുദ്ധം കുഴച്ചുമറിച്ചിട്ട പ്രദേശങ്ങളില്‍ സഞ്ചരിച്ച് തയ്യാറാക്കിയ ‘മഹായുദ്ധത്തിന്റെ മുറിപ്പാടുകള്‍’ എന്ന ചിത്രത്തിന് സോവിയറ്റ് ലാന്‍ഡ് നെഹ്‌റു അവാര്‍ഡ് ലഭിച്ചിരുന്നു.

Exit mobile version