ക്വാറന്റീന്‍ മുറി നൃത്ത ‘സദസ്സാക്കി’ അഞ്ജു, ദുബായില്‍ നിന്ന് നൃത്തച്ചുവടുകള്‍ കണ്ടുപഠിക്കുന്നത് 100ലേറെ ശിഷ്യന്മാര്‍

തൃശൂര്‍: വിദേശത്തുനിന്നെത്തി ക്വാറന്റീനില്‍ കഴിയുമ്പോഴും തന്റെ ശിഷ്യരുമായുള്ള നൃത്തബന്ധം മുറിയാതിരിക്കാന്‍ ക്വാറന്റീന്‍ മുറി നൃത്ത ‘സദസ്സാക്കി’ മാറ്റിയിരിക്കുകയാണു കലാമണ്ഡലം അഞ്ജു രഞ്ജിത്ത്. എന്നാല്‍ ശിഷ്യന്മാര്‍ ഇവിടെയല്ല, അവര്‍ അങ്ങു ദുബായിയിലാണ്.

ഓണ്‍ലൈന്‍ വഴിയാണ് നൃത്തക്ലാസ്സുകള്‍. ദുബായില്‍ നിന്ന് 100 ശിഷ്യന്മാരാണ് ഈ ക്വാറന്റീന്‍ മുറിയില്‍ നിന്നുള്ള നൃത്തച്ചുവടുകള്‍ കണ്ടുപഠിക്കുന്നത്. കോവിഡ് മൂലം നാട്ടിലേക്കു കടല്‍ കടന്നുപോന്നെങ്കിലും ശിഷ്യരുമായുള്ള നൃത്തബന്ധം മുറിയാതിരിക്കാനാണ് ഈ നൃത്തം.

ജൂലൈയിലാണ് അഞ്ജു ദുബായില്‍ നിന്നുനാട്ടിലെത്തിയത്. 28 ദിവസം ക്വാറന്റീനില്‍ കഴിയേണ്ടതിനാല്‍ വീടിന് അടുത്തുതന്നെ മറ്റൊരു വീട് വാടകയ്‌ക്കെടുത്തു. ക്വാറന്റീനില്‍ കഴിയേണ്ട മുറി നൃത്തമുറിയാക്കി പിറ്റേന്നു തന്നെ നൃത്തക്ലാസുകള്‍ തുടങ്ങി.

നടി ആശ ശരത്തിന്റെ കൈരളി കലാഗ്രാമില്‍ നൃത്താധ്യാപികയായിരുന്ന അഞ്ജു നാലുവര്‍ഷം മുന്‍പാണ് ദുബായില്‍ സ്വന്തമായി നൃത്താധ്യാപനം തുടങ്ങിയത്. നാലുവയസ്സുമുതല്‍ 48 വയസ്സുവരെയുള്ള ശിഷ്യര്‍ അഞ്ജുവിനുണ്ട്. ജുമൈറ ഗ്രൂപ്പിന്റെ ബുര്‍ജ് അല്‍ അറബില്‍ ഫിനാന്‍സ് മാനേജരായിരുന്ന ഭര്‍ത്താവ് രഞ്ജിത്തിനും നാട്ടിലേക്കു മടങ്ങേണ്ടി വന്നതോടെ ടീച്ചര്‍ കൂടെ പോന്നു. ഡിസിസി ഓഫിസ് സെക്രട്ടറി ഉസ്മാന്‍ ഖാന്റെയും അംബികയുടെയും മകളാണു കലാമണ്ഡം അഞ്ജു രഞ്ജിത്ത്.

Exit mobile version