കേരള പോലീസിലെ ആറു പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍

തിരുവനന്തപുരം: രാഷ്ട്രപതിയുടെ ഇക്കൊല്ലത്തെ സ്തുത്യര്‍ഹസേവനത്തിനുള്ള പോലീസ് മെഡലിന് കേരള പോലീസിലെ ആറ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. തിരുവനന്തപുരത്ത് സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനത്തെ ഡെപ്യൂട്ടി കമാണ്ടന്റ് എം രാജന്‍, കണ്ണൂര്‍ വിജിലന്‍സില്‍ നിന്ന് വിരമിച്ച ഡിവൈ എസ് പി വി മധുസൂദനന്‍, കൊല്ലം വിജിലന്‍സിലെ എസ്‌ഐ ജി ഹരിഹരന്‍, തിരുവനന്തപുരം റൂറല്‍ നാരുവാമൂട് പോലീസ് സ്റ്റേഷനിലെ എ എസ് ഐ ആര്‍ വി ബൈജു, തൃശ്ശൂര്‍ ക്രൈം ബ്രാഞ്ചിലെ എ എസ് ഐ കെ സൂരജ്, മലപ്പുറം വിജിലന്‍സിലെ എ എസ് ഐ പി എന്‍ മോഹനകൃഷ്ണന്‍ എന്നിവരാണ് മെഡലിന് അര്‍ഹരായത്.

കുറ്റാന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡലിനും കേരള പോലീസിലെ ഉദ്യോഗസ്ഥര്‍ അര്‍ഹരായിരുന്നു. എസ്പിമാരായ കെ ഇ ബൈജു (വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ, തിരുവനന്തപുരം), ബി കൃഷ്ണകുമാര്‍ (ട്രാഫിക് സൗത്ത് സോണ്‍, തിരുവനന്തപുരം), ഡിവൈഎസ്പിമാരായ സി ഡി ശ്രീനിവാസന്‍ (നര്‍ക്കോട്ടിക് സെല്‍ , പാലക്കാട്), ഗിരീഷ് പി സാരഥി (സി ബ്രാഞ്ച്, കോട്ടയം), കെഎം ദേവസ്യ (ഡിവൈഎസ്പി, ആലത്തൂര്‍), കെഇ പ്രേമചന്ദ്രന്‍ (സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച്, കണ്ണൂര്‍), ജി ജോണ്‍സണ്‍ (വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ, കോഴിക്കോട് ) എന്നിവരാണ് മെഡലിന് അര്‍ഹരായത്.

എന്‍ഐഎയില്‍ നിന്ന് അഡീഷനല്‍ എസ്പി: എപി ഷൗക്കത്തലി ഡെപ്യൂട്ടി എസ്പി: സി. രാധാകൃഷ്ണ പിള്ള എന്നിവരും മെഡലിന് അര്‍ഹരായി. തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്നത് കൊച്ചി യൂണിറ്റിലെ സീനിയര്‍ ഡിവൈഎസ്പിയായ സി.രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലാണ്. എഎസ്പി എപി ഷൗക്കത്തലിയും അന്വേഷണത്തിലുണ്ട്. ഇത്തവണ മെഡല്‍ ലഭിച്ച 121 ഉദ്യോഗസ്ഥരില്‍ 21 വനിതകളുണ്ട്

Exit mobile version