ആദ്യം ചിക്കന്‍ കറിയില്‍, പരാജയപ്പെട്ടപ്പോള്‍ ഐസ്‌ക്രീമില്‍, മാതാപിതാക്കള്‍ കഴിക്കുന്നതും നോക്കി നിന്ന് ആല്‍ബിന്‍

കാസര്‍കോട്: ആദ്യം വിഷം ചിക്കന്‍ കറിയിലും പിന്നീട് ഐസ്‌ക്രീമിലും ചേര്‍ത്തു നല്കിയ ആല്‍ബിന്‍ മാതാപിതാക്കളും സഹോദരിയും ഇത് കഴിക്കുന്നത് നോക്കിനില്‍ക്കുകയായിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ടു. പക്ഷേ സഹോദരി ആന്‍മരിയ മരിച്ചു. വെള്ളരിക്കുണ്ട് ബളാല്‍ അരീങ്കലില്‍ 16-കാരിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.

സഹോദരിയെ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ ആല്‍ബിന്‍ നേരത്തെയും കൊലപാതകശ്രമം നടത്തിയതായി പോലീസ് പറഞ്ഞു. ജോലിക്ക് പോകാത്തതിനും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിലും മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതാണ് 22-കാരനായ ആല്‍ബിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്.

ഐ.ടി.ഐ. പഠനം കഴിഞ്ഞ് കമ്പത്ത് ഒരു കമ്പനിയില്‍ ട്രെയിനിയായി ജോലിചെയ്യുകയായിരുന്നു ആല്‍ബിന്‍. പിന്നീട് ആ ജോലി മതിയാക്കി കോട്ടയത്തെ ഒരു ഹോട്ടലില്‍ ജോലിക്ക് ചേര്‍ന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നാട്ടില്‍ തിരിച്ചെത്തി. നാട്ടില്‍ തന്റെ കൂടെ ജോലിക്ക് വരാന്‍ പിതാവ് ബെന്നി ആല്‍ബിനോട് ആവശ്യപ്പെട്ടു.

മിക്കദിവസവും ജോലിക്ക് വരാന്‍ ആവശ്യപ്പെട്ടെങ്കിലും ആല്‍ബിന്‍ കൂട്ടാക്കിയില്ല. സദാസമയവും മൊബൈലില്‍ മുഴുകി വെറുതെയിരിക്കാനായിരുന്നു താല്‍പര്യം.അമിതമായി മൊബൈല്‍ ഫോണ് ഉപയോഗിക്കുന്നതിലും മാതാപിതാക്കള്‍ ആല്‍ബിനെ വഴക്ക് പറഞ്ഞിരുന്നു.

ഇതില്‍ ക്ഷുഭിതനായ ആല്‍ബിന്‍ മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഐസ്‌ക്രീം ഉണ്ടാക്കിയതിന്റെ രണ്ട് ദിവസം മുമ്പ് വീട്ടിലുണ്ടാക്കിയ ചിക്കന്‍ കറിയിലായിരുന്നു ആദ്യം വിഷംകലര്‍ത്തിയത്.

പിറ്റേദിവസം കഴിക്കാനായി ഫ്രിഡ്ജില്‍വെച്ച കറിയില്‍ വീട്ടിലുണ്ടായിരുന്ന എലിവിഷം കലര്‍ത്തി. രാവിലെ വീട്ടിലെ എല്ലാവരും ചിക്കന്‍ കറി കൂട്ടി ഭക്ഷണം കഴിച്ചു. സുഖമില്ലെന്ന് പറഞ്ഞ് ആല്‍ബിന്‍ മാത്രം ഒഴിഞ്ഞുമാറി. വിഷം കലര്‍ന്ന ചിക്കന്‍ കറി കഴിച്ചെങ്കിലും മാതാപിതാക്കള്‍ക്കും സഹോദരിയ്ക്കും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായില്ല. ചെറിയ വയറുവേദന മാത്രമായി അത് കടന്നുപോയി.

ആദ്യശ്രമം പരാജയപ്പെട്ടതോടെ എന്താണ് അത്യാഹിതം സംഭവിക്കാതിരിക്കാന്‍ കാരണമെന്ന് ഇന്റര്‍നെറ്റില്‍ തിരഞ്ഞു. ആദ്യം ഉപയോഗിച്ച വിഷം പഴകിയതാണെന്നും അളവ് കുറഞ്ഞതാണെന്നും കണ്ടെത്തി. എങ്ങനെയാണ് എലിവിഷം ശരീരത്തില്‍ പ്രവര്‍ത്തിക്കുകയെന്നും അത്യാഹിതം സംഭവിക്കുകയെന്നും മനസിലാക്കി.

തുടര്‍ന്ന് ജൂലായ് 29-ാം തീയതി വെള്ളരിക്കുണ്ട് ടൗണില്‍ പോയി പുതിയ പാക്കറ്റ് എലിവിഷം വാങ്ങി. മറ്റൊരു അവസരത്തിനായി കാത്തിരുന്നു. അങ്ങനെയിരിക്കെയാണ് ജൂലായ് 30-ന് ആന്‍മേരിയും ആല്‍ബിനും ചേര്‍ന്ന് വീട്ടില്‍ ഐസ്‌ക്രീമുണ്ടാക്കിയത്.

രണ്ട് പാത്രങ്ങളിലായാണ് ഐസ്‌ക്രീം ഉണ്ടാക്കിയിരുന്നത്. ഇതിന്റെ ചിത്രങ്ങള്‍ ഇരുവരും സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തു. വലിയ പാത്രത്തിലെ ഐസ്‌ക്രീം ഫ്രീസറില്‍വെച്ച് തണുപ്പിച്ച് എല്ലാവരും കഴിച്ചു. 31-ാം തീയതിയാണ് ആല്‍ബിന്‍ ചെറിയ പാത്രത്തിലെ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയത്.

പാക്കറ്റിലെ പകുതിയിലേറെ വിഷവും ചെറിയ പാത്രത്തില്‍ കലര്‍ത്തി. മാതാപിതാക്കളും സഹോദരിയും വീടിന് പുറത്തിരിക്കുമ്പോളായിരുന്നു ഇത്. തൊട്ടുപിന്നാലെ ആന്‍മേരി ചെറിയ പാത്രത്തിലെ ഐസ്‌ക്രീം ഫ്രീസറിലേക്ക് മാറ്റി. അന്നേദിവസം തന്നെ ആന്‍മേരിയും ബെന്നിയും ആ ഐസ്‌ക്രീം കഴിച്ചു. അമ്മ ജെസി വളരെക്കുറച്ച് മാത്രമാണ് കഴിച്ചത്.

ഈ സമയം ആല്‍ബിന്‍ തന്ത്രപൂര്‍വം ഐസ്‌ക്രീം വേണ്ടെന്ന് പറഞ്ഞ് മാറിന്നു. എന്നാല്‍ തന്റെ കണ്‍മുന്നില്‍ സഹോദരിയും പിതാവും വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിക്കുന്നത് ആല്‍ബിന്‍ നോക്കിനില്‍ക്കുകയായിരുന്നു.
ഒന്നാം തീയതി രാവിലെയാണ് ആന്‍മേരിയുടെ ആരോഗ്യനില മോശമായത്.

ഛര്‍ദിയും വയറിളക്കവും ശക്തമായതോടെ ആശുപത്രിയില്‍ ചികിത്സ തേടി. പിറ്റേദിവസം പിതാവ് ബെന്നിയ്ക്കും ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടു. ഇരുവരും വീണ്ടും ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് ചെറുപുഴയിലെ ബന്ധുവിന്റെ വീട്ടിലേക്ക് പോയി അവിടുത്തെ ആശുപത്രിയില്‍ പ്രവേശിച്ചു. ഇവിടെവെച്ചാണ് ഓഗസ്റ്റ് അഞ്ചാം തീയതി ആന്‍മേരി മരിച്ചത്.

ഇതിനിടെ മാതാവ് ജെസിയും ചികിത്സ തേടി. കുടുംബത്തിലെ എല്ലാവരും ചികിത്സയിലായതോടെ ഭക്ഷ്യവിഷബാധയാകുമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ആന്‍മേരിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വിഷം ഉള്ളില്‍ച്ചെന്നാണ് മരണമെന്ന് തെളിഞ്ഞു.

അവശനിലയിലായ ബെന്നി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ആന്‍മേരി മരിച്ചതോടെ തനിക്കും വയറുവേദനയുണ്ടെന്ന് പറഞ്ഞ് ആല്‍ബിനും ആശുപത്രിയില്‍ സ്വമേധയാ ചികിത്സ തേടിയിരുന്നു.

Exit mobile version