പെട്ടിമുടി ദുരന്തം; രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷണം എത്തിച്ച് കേരളാ ടാക്‌സി ഡ്രൈവേഴ്‌സ്

ഇടുക്കി: പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന രക്ഷാപ്രവര്‍ത്തകര്‍ക്ക് സഹായ ഹസ്തവുമായി കേരളാ ടാക്സി ഡ്രൈവേഴ്സ് ഓര്‍ഗനൈസേഷന്‍. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷണമെത്തിച്ച് നല്‍കുകയാണ് ഇവര്‍. കഴിഞ്ഞ അഞ്ചുദിവസമായി ഇവര്‍ ദുരന്തമേഖലയില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷണം എത്തിച്ചുനല്‍കുകയാണ്.

പെട്ടിമുടി ദുരന്തത്തില്‍ മൂന്നാറിലെ ടാക്സി ഡ്രൈവര്‍ അടക്കം നിരവധിപേരാണ് മരണപ്പെട്ടത്. ദുരന്തദിവസം കേരളാ ടാക്സി ഡ്രൈവേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള സംഘം ദുരന്തഭൂമിയില്‍ എത്തുകയും ചെയ്തു. ഇതോടെ രക്ഷാപ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ അസോസിയേഷന്‍ ഏറ്റെടുത്ത് രംഗത്ത് വരികയായിരുന്നു.

തൊഴിലാളികളെ കണ്ടെത്താന്‍ തെരച്ചില്‍ നടത്തുന്നവര്‍ക്ക് ഭക്ഷണം എത്തിക്കുകയെന്ന വെല്ലുവിളിയാണ് അംഗങ്ങള്‍ ഏറ്റെടുത്തത്. കൊവിഡിന്റെ കാലത്തെ പ്രതിസന്ധികള്‍ മാറ്റിവെച്ച് സ്വന്തമായി പാകം ചെയ്ത ഭക്ഷണ പൊതികളാണ് അസോഷിയേഷന്‍ അംഗങ്ങള്‍ പെട്ടിമുടിയില്‍ എത്തിക്കുന്നത്. ആയിരത്തോളം പൊതികളാണ് ഇതുവരെ അവര്‍ നല്‍കിയത്.

Exit mobile version