പെട്ടിമുടി ദുരന്തത്തില്‍ മാതാപിതാക്കള്‍ ഉള്‍പ്പടെ ഗോപികയ്ക്ക് നഷ്ടപ്പെട്ടത് കുടുംബത്തിലെ 19 പേരെ; അനാഥത്വത്തിലും വേദനയിലും പോരാടി, നേടിയത് ഫുള്‍ എ പ്ലസ്

ഇടുക്കി: കേരളത്തെ നടുക്കിയ പെട്ടിമുടി ദുരന്തത്തില്‍ മാതാപിതാക്കളെ അടക്കം കുടുംബത്തിലെ 19 പേരെ നഷ്ടപ്പെട്ട ഗോപിക പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടി. ഉറ്റവരെ നഷ്ടപ്പെട്ട വേദനയിലും അനാഥത്വത്തിലുമാണ് പഠിച്ച് ഉയര്‍ന്ന മാര്‍ക്ക് നേടിയത്. ഒറ്റരാത്രികൊണ്ടാണ് ഗോപിക അനാഥത്വത്തിലേയ്ക്ക് വീണത്.

അനാഥത്വത്തിന്റെയും വേദനയുടെയും കാലത്തായിരുന്നു ഗോപികയുടെ പഠനവും പരീക്ഷയും. മികച്ച വിജയം മാതാപിതാക്കള്‍ക്കു വിജയാഞ്ജലിയര്‍പ്പിക്കുകയാണ് പട്ടം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ ഗോപിക. പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ അച്ഛന്‍ ഗണേശന്‍, അമ്മ തങ്കം ഉള്‍പ്പെടെ ഗോപികയുടെ കുടുംബത്തിലെ 19 പേരാണ് മരിച്ചത്.

ദുരന്തം സംഭവിച്ചതിന്റെ തൊട്ടുമുമ്പാണ് അച്ഛനും അമ്മയുമായി അവസാനമായി അവള്‍ സംസാരിച്ചത്. പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടുമെന്ന് അവര്‍ക്ക് വാക്കു നല്‍കിയിരുന്നു. ആ വാക്കാണ് ഇപ്പോള്‍ നിറവേറ്റുന്നത്. ഒറ്റപ്പെടലില്‍ ഗോപിക തളര്‍ന്നില്ല, ആത്മവിശ്വാസത്തോടെ മുന്നേറി. വിജയത്തേക്കാള്‍ ഏറെ മാതാപിതാക്കള്‍ക്കു കൊടുത്ത വാക്കുപാലിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലുമാണ് ഗോപിക.

Exit mobile version