പ്രകൃതിയെ നശിപ്പിക്കാൻ കൂട്ടുനിൽക്കണോ? കേന്ദ്രത്തിന്റെ ഇഐഎ വിജ്ഞാപനത്തെ കുറിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായപ്പെടാം; അവസരം നാളെ വരെ

ന്യൂഡൽഹി: പ്രകൃതിയും മറ്റ് ജീവജാലങ്ങളും മനുഷ്യരാശിക്ക് ഒപ്പം നിലനിൽക്കേണ്ടത് ആവശ്യം തന്നെയാണ്. എന്നാൽ ഇനി മുതൽ പ്രകൃതിയെ നശിപ്പിക്കാനായി നിയന്ത്രണവുമില്ലാതെ വന്നാലോ? പ്രകൃതിയെ ചൂഷണം ചെയ്യുന്നവരെ നിയമപരമായി തടയാൻ പോലും സാധിക്കാത്ത നാളുകളാണ് വരുംകാലത്ത് കാത്തിരിക്കുന്നത്. ഇതിന് ചുക്കാൻ പിടിക്കുന്ന കേന്ദ്രസർക്കാരിന്റെ കരട് പരിസ്ഥിതി ആഘാത വിലയിരുത്തൽ(ഇഐഎ) വിജ്ഞാപനത്തെ കുറിച്ച് ജനങ്ങൾ വേണ്ടും വിധം ബോധവാന്മാരുമല്ല. അതേസമയം, ഈ വിജ്ഞാപനത്തെ കുറിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനുള്ള അവസാന തീയതി നാളെ(ഓഗസ്റ്റ് 11) അവസാനിക്കുകയുമാണ്. ഏറെ വൈകും മുമ്പ് ഇത് തടയേണ്ടതുണ്ട്. eia2020moefcc@gov.in എന്ന മെയിൽ ഐഡിയിൽ പൊതുജനങ്ങൾക്ക് നിർദേശങ്ങൾ സമർപ്പിക്കാം. നാളെ അവസാന ദിനമായതിനാൽ തന്നെ സോഷ്യൽമീഡിയയിലും ക്യാംപെയിനുകൾ സജീമാണ്.

നിലവിലെ പാരിസ്ഥിതിക ആഘാത വിലയിരുത്തൽ ചട്ടങ്ങളിൽ വലിയ മാറ്റമുണ്ടാക്കുന്നതാണ് സർക്കാർ ഇറക്കിയ ഈ കരട് വിജ്ഞാപനം. ചില മേഖലകളിൽ പാരിസ്ഥിതികാനുമതിക്ക് പൊതുജനാഭിപ്രായം തേടൽ പൂർണമായും ഒഴിവാക്കുന്നതാണ് കരട് വിജ്ഞാപനം. നിർമ്മാണം നേരത്തേ പൂർത്തിയായ പദ്ധതികൾക്ക് അനുമതി നൽകാനുള്ള വകുപ്പും അതിലുണ്ട്. ഇതുപ്രകാരം നാടിനെ നശിപ്പിക്കുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തികൾക്ക് എതിരെ പ്രതികരിക്കാൻ പോലും ജനങ്ങൾക്ക് നഷ്ടപ്പെട്ടേക്കാം.

അതേസമയം, കേന്ദ്രം തിടുക്കപ്പെട്ട് നടപ്പാക്കാൻ പോകുന്ന ഈ പാരിസ്ഥിതിക ആഘാത വിലയിരുത്തൽ (ഇഐഎ) കരട് വിജ്ഞാപനത്തിൽ അഭിപ്രായമറിയിക്കാനുള്ള സമയപരിധി ഡൽഹി ഹൈക്കോടതിയാണ് ഇടപെട്ട് നീട്ടിയത്. ഓഗസ്റ്റ് 11 വരെ നീട്ടിയത് കോടതിയാണ്. കരട് വിജ്ഞാപനത്തിൽ നിർദേശമറിയിക്കാൻ ചൊവ്വാഴ്ച വരെ മാത്രമേ സമയമുള്ളൂവെന്ന് തിങ്കളാഴ്ച കേന്ദ്രസർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് നേരത്തേ പുറപ്പെടുവിച്ച അറിയിപ്പിൽ അവ്യക്തതയുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ നടപടി.

കരട് വിജ്ഞാപനത്തിൽ നിർദേശവും എതിർപ്പുമറിയിക്കാൻ 60 ദിവസത്തെ സമയം നൽകുന്നതായാണ് മേയ് എട്ടിന് സർക്കാർ അറിയിച്ചത്. 60 ദിവസമെന്നു പറയുമ്പോഴും സമയം ജൂൺ 30 വരെയാണെന്നും അതിലുണ്ടായിരുന്നതാണ് അവ്യക്തതയുണ്ടാക്കിയത്. ഏപ്രിൽ 11നിറക്കിയ കരട് വിജ്ഞാപനത്തിന്റെ കാലാവധി ജൂൺ 11നായിരുന്നു അവസാനിക്കേണ്ടത്. കൊവിഡ് അടച്ചിടൽകാരണം ജൂൺ 30 വരെ നീട്ടുകയായിരുന്നെന്നാണ് സർക്കാർ വാദിച്ചത്. കോടതി ഇതംഗീകരിച്ചില്ല.

Exit mobile version