ഇനിമുതല്‍ മരണം സ്‌റ്റേഷനില്‍ അറിയിക്കണം, വിവാഹചടങ്ങുകള്‍ക്കും പോലീസിന്റെ അനുമതി വേണം, കോവിഡ് വ്യാപനം തടയാന്‍ പുതിയ നടപടി

കൊച്ചി: കോവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള ചുമതല പോലീസിനു നല്‍കിയ സാഹചര്യത്തില്‍ പുതിയ നടപടി. ഇനിമുതല്‍ വിവാഹം, മരണാനന്തര ചടങ്ങുകള്‍ അടക്കം വീട്ടുകാരെക്കൂടാതെ പുറമേനിന്നുള്ള ആളുകള്‍ പങ്കെടുക്കുന്ന എല്ലാ പരിപാടികളും പോലീസിനെ അറിയിക്കണം.

ഇതുസംബന്ധിച്ച നിര്‍ദേശം സ്റ്റേഷന്‍ ഓഫീസര്‍മാര്‍ക്ക് നല്‍കി. വിവാഹം, മരണാനന്തര ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് പോലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. മരണം നടന്നാല്‍ വിവരം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ ചടങ്ങുകള്‍ നടത്തൂ എന്ന സമ്മതപത്രം വീട്ടുകാര്‍ എഴുതിനല്‍കണം. രണ്ടാഴ്ചയ്ക്കകം രോഗവ്യാപനത്തോത് നിയന്ത്രണവിധേയമാക്കണമെന്ന നിര്‍ദേശവും പൊലീസിനു ലഭിച്ച സാഹചര്യത്തിലുമാണ് പുതിയ നടപടി.

സംസ്ഥാനത്ത് കഴിഞ്ഞദിവസം 1,211 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 78 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1026 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 103 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Exit mobile version