സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ഇന്ന് മരിച്ചത് രണ്ട് പേര്‍

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂര്‍ സ്വദേശി ഖാദര്‍ കുട്ടിയാണ് (71) മരിച്ചത്. ഓഗസ്റ്റ് ഒന്നിനാണ് ചുമയും ശ്വാസംമുട്ടലുമായി മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം പതിനെട്ടായി.

കോഴിക്കോട്ടും ഇന്ന് ഒരാള്‍ കൊവിഡ് ബാധിച്ചു മരിച്ചു. 80 വയസുകാരനായ രാധാകൃഷ്ണനാണ് മരിച്ചത്. ഫറൂക്ക് സ്വദേശിയാണ് രാധാകൃഷ്ണന്‍. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം.

കൂടാതെ കൊവിഡ് 19 രോഗമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. അയ്യമ്പുഴ കൊല്ലകോട് മുണ്ടോപുരം മേരിക്കുട്ടി പാപ്പച്ചനാ(77)ണ് മരിച്ചത്. കടുത്ത പ്രമേഹവും ഹൃദ്രോഗവുമുണ്ടായിരുന്നു.

മരണം കൊവിഡ് മൂലമാണോയെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എന്‍ഐവി ലാബിലേക്കയച്ചു. കൊവിഡ് സംശയത്തെ തുടര്‍ന്നാണ് മേരിയെ സ്വകാര്യ ആശുപത്രിയില്‍നിന്നും മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. മേരിക്കുട്ടിയെ ന്യൂമോണിയ ബാധിച്ച നിലയില്‍ ഇന്നലെ വൈകിട്ടാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ ആയിരുന്നു മരണം.

Exit mobile version