കണ്ണൂരില്‍ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കണ്ണൂര്‍ കരിയാട് മരിച്ച യുവാവിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ജൂലൈ 13ന് മരണമടഞ്ഞ കിഴക്കേടത്ത് സലീഖിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരിച്ചതിന് ശേഷമാണ് സലീഖിന്റെ ശ്രവ പരിശോധന നടത്തിയത്, ശേഷം രോഗം സ്ഥിരീകരിക്കുകയായിരുന്നു.

ഒന്നര മാസം മുമ്പ് അഹമ്മദാബാദില്‍ നിന്ന് എത്തിയ സലീഖ് ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷവും വീട്ടിലും തുടരുകയായിരുന്നു. ഉദരസംബന്ധമായ രോഗമുണ്ടായിരുന്നുവെങ്കിലും അദ്ദേഹം മതിയായ ചികിത്സ തേടിയില്ലെന്നാണ് ലഭിക്കുന്ന വിവരം. ചില സമാന്തര ചികിത്സാ കേന്ദ്രങ്ങളെ സമീപിക്കുകയും അത്തരത്തില്‍ ചികിത്സ തേടുകയുമായിരുന്നു.

ഉദര സംബന്ധമായ രോഗവും അശാസ്ത്രീയ ചികിത്സാ രീതിയുമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ശാസ്ത്രീയ ചികിത്സ സ്വീകരിക്കാതിരുന്ന സലീഖ് വീഡിയോ കോളിലൂടെയും മറ്റുമാണ് ചികിത്സ തേടിയത്. അതേസമയം, ചികിത്സയില്‍ പിഴവുണ്ടെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.

Exit mobile version