പമ്പ ഡാം തുറന്നു; ആറ് ഷട്ടറുകൾ രണ്ടടി വീതം ഉയർത്തി; പ്രളയ സാഹചര്യം ഉണ്ടാകില്ലെന്ന് കളക്ടർ പിബി നൂഹ്

File Photo

പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് ജല നിരപ്പ് ഉയർന്നതോടെ പമ്പ ഡാം തുറന്നു. ആറ് ഷട്ടറുകൾ രണ്ടടി വീതമാണ് ഉയർത്തിയത്. അഞ്ചുമണിക്കൂറിനകം വെള്ളം റാന്നിയിലെത്തുമാണ് കരുതുന്നത്. ഡാം തുറക്കുമ്പോൾ നാൽപ്പത് സെന്റിമീറ്ററാണ് പമ്പയിൽ ജലനിരപ്പ് ഉയരുക. 983.5 മീറ്റർ ജലമാണ് ഇപ്പോൾ പമ്പ അണക്കെട്ടിലുള്ളത്. നിലവിൽ ഡാം തുറക്കുന്നതിനുള്ള ഓറഞ്ച് അലർട്ട് മാത്രമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ജലനിരപ്പ് 984.5 ആകുമ്പോൾ റെഡ് അലർട്ട് പ്രഖ്യാപിച്ച ശേഷം ജലനിരപ്പ് 985 മീറ്ററിലെത്തുമ്പോളാണ് ഡാം തുറക്കേണ്ടത്. എന്നാൽ 983.5 മീറ്റർ ജലനിരപ്പ് എത്തിയപ്പോൾ തന്നെ തുറക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പത്തനംതിട്ട ജില്ല കളക്ടർ പിബി നൂഹ് അറിയിച്ചിട്ടുണ്ട്. അർധരാത്രിയിൽ ഡാം തുറന്നുവിടുമ്പോഴുണ്ടാകുന്ന ആശങ്കകളും പ്രയാസവും പരിഗണിച്ചാണ് നേരത്തെ തന്നെ ഡാമിലെ ജലനിരപ്പ് കുറയ്ക്കാൻ തീരുമാനിച്ചത്.

ഡാം തുറന്ന് ഏകദേശം അഞ്ചുമണിക്കൂർ കഴിയുമ്പോൾ മാത്രമേ റാന്നി ടൗണിൽ വെള്ളം എത്തൂ. നാളെ ഉച്ചയോടെ വെള്ളം തിരുവല്ലയിൽ എത്തും. ഡാം തുറന്നു എന്നതുകൊണ്ടു മാത്രം നദിയിൽ ജലനിരപ്പ് വലിയ തോതിൽ ഉയരില്ല. അതിനാൽ തന്നെ 2018ലെ പോലെ പ്രളയ സാഹചര്യം ഉണ്ടാകുമോ എന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. അത്തരം സാഹചര്യം ഒഴിവാക്കാനാണ് നിയന്ത്രിത അളവിൽ വെള്ളം തുറന്നുവിടുന്നതെന്നും കളക്ടർ പറഞ്ഞു.

ഉച്ചക്കു ശേഷവും രാത്രിയും ഉള്ള ഉയർന്നതോതിലുള്ള മഴമൂലമാണ് ഡാമിലെ ജലനിരപ്പ് ഉയരുന്നത്. പമ്പാ ഡാമിന്റെ ആറു ഷട്ടറുകൾ 60 സെന്റീമീറ്റർ വീതം ഉയർത്തി 82 ക്യുബിക് മീറ്റർ / സെക്കന്റ് ജലമാണ് നിലവിൽ തുറന്നു വിടുന്നത്. ഇത്രയും ജലം ഒമ്പത് മണിക്കൂർ തുറന്നു വിടുന്നതിലൂടെ ഡാം ജലനിരപ്പ് ബ്ലൂ അലർട്ട് ലെവൽ ആയ 982 മീറ്ററിൽ എത്തിക്കാൻ സാധിക്കും. പുറത്തുവിടുന്ന വെള്ളം പമ്പാ നദിയിലേക്കാകും ഒഴുകുക. ഈ വെള്ളം റാന്നി പ്രദേശത്ത് എത്താൻ ആവശ്യമായ സമയം ഏകദേശം അഞ്ചു മണിക്കൂറാണ്. ഈ സമയം നദിയിലെ ജലനിരപ്പ് 40 സെന്റിമീറ്റർ ഉയരും. ആശങ്ക വേണ്ടെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്.

ചെറിയതോതിൽ ജലം തുറന്നുവിട്ട് നിലവിലെ ജലനിരപ്പായ 983. 45 മീറ്ററിൽ നിന്നും ബ്ലൂ അലർട്ട് ലെവൽ എന്ന 982 മീറ്ററിൽ എത്തിക്കുന്നതിലൂടെ അതിശക്തമായ മഴയിലൂടെ ഡാം ലെവൽ എഫ്ആർഎല്ലിലേക്ക് ഉയർന്ന് വലിയ തോതിൽ ജലം തുറന്നു വിടേണ്ട സാഹചര്യം ഒഴിവാക്കാൻ സാധിക്കും.

പമ്പാ നദിയുടെയും കക്കാട്ട് ആറിന്റെയും തീരത്ത് താമസിക്കുന്നവരും പ്രത്യേകിച്ച് റാന്നി, കോഴഞ്ചേരി, ആറന്മുള പ്രദേശവാസികളും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ പിബി നൂഹ് അറിയിച്ചു. ജലനിരപ്പ് ഉയർന്നിട്ടുള്ളതിനാൽ നദികളിലും ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്നത് ഒഴിവാക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.

Exit mobile version