‘ഈ മണ്ണിനടിയില്‍ എന്റെ അച്ഛനും ബന്ധുക്കളുമുണ്ട്’; ദുരന്തഭൂമിയില്‍ പ്രിയപ്പെട്ടവര്‍ക്കായി തിരഞ്ഞ് 29കാരന്‍

മൂന്നാര്‍: മണ്ണിനടിയില്‍ നിന്നും കോരിയെടുത്ത് ഓരോ മൃതദേഹങ്ങള്‍ കൊണ്ടുവരുമ്പോഴും തന്റെ പ്രിയപ്പെട്ടവരാവരുതേ എന്ന് പ്രാര്‍ഥിക്കും, അവര്‍ ജീവനോടെ തിരിച്ചുവരുമെന്ന് തന്നെ പ്രതീക്ഷയിലായിരുന്നു സന്തോഷ്, എന്നാല്‍ ദിവസങ്ങള്‍ കഴിയുന്തോറും ആ പ്രതീക്ഷകളെല്ലാം സന്തോഷ് കൈവിട്ടു.

തന്റെ വേണ്ടപ്പെട്ടവരെല്ലാം മണ്ണിനടിയിലായപ്പോള്‍ 29കാരനായ സന്തോഷ് തമിഴ്‌നാട്ടിലായിരുന്നു. അപകടവിവരമറിഞ്ഞ് സന്തോഷ് ശനിയാഴ്ച രാവിലെയാണ് പെട്ടിമുടിയിലേക്ക് പാഞ്ഞെത്തിയത്. അച്ഛനുമമ്മയും ബന്ധുക്കളുമടക്കം രണ്ട് ലയങ്ങളിലായി എട്ടുപേരാണ് താമസിച്ചിരുന്നത്. ഇതില്‍ അമ്മ സരസ്വതിമാത്രമാണ് രക്ഷപ്പെട്ടത്.

ബാക്കിയുള്ളവരെല്ലാം മണ്ണിനടിയിലായി. അച്ഛന്‍ രാജ, ചിറ്റപ്പന്‍ അണ്ണാദുരൈ, ഭാര്യ തങ്കം, മകന്‍ ജോഷാ എന്നിവരെയൊന്നും ഇതുവരെ കണ്ടെത്തിയില്ല. അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട അമ്മ കോലഞ്ചേരി ആശുപത്രിയില്‍ ജീവനുവേണ്ടി മല്ലിടുകയാണ്.

കഴിഞ്ഞ ഏപ്രിലിലാണ് സന്തോഷ് പെട്ടിമുടിയിലെത്തിയത്. പിന്നീട് പഠനത്തിനായി തമിഴ്‌നാട്ടിലേക്ക് മടങ്ങി. വെള്ളിയാഴ്ച രാവിലെ കമ്പനിയധികൃതര്‍ പറഞ്ഞാണ് വിവരമറിയുന്നത്. സന്തോഷിന്റെ അച്ഛന്‍ രാജ എസ്റ്റേറ്റ് വാച്ചറാണ്. വൈദ്യുതിയും വാര്‍ത്താവിനിമയസംവിധാനങ്ങളും ദിവസങ്ങളായി ഇല്ലാത്തതിനാല്‍ വീട്ടിലെ വിവരങ്ങള്‍ അഞ്ചുദിവസമായി അറിഞ്ഞിരുന്നില്ല.

വിവരമറിഞ്ഞ് ഓടിയെത്തിയപ്പോഴേക്കും വീടിനെയും പ്രിയപ്പെട്ടവരെയെല്ലാം മണ്ണ് വിഴുങ്ങിയിരുന്നു. ദുരന്തഭൂമിയില്‍ രാവിലെ മുതല്‍ അച്ഛനും പ്രിയപ്പെട്ടവര്‍ക്കും വേണ്ടിയുള്ള തിരിച്ചിലിലാണ് ഇപ്പോള്‍ സന്തോഷ്. മൃതദേഹങ്ങള്‍ കൊണ്ടുവരുന്ന വഴിയില്‍ കാത്തിരിക്കും. കൊണ്ടുവരുന്നതില്‍ തന്റെ വേണ്ടപ്പെട്ടവര്‍ ഉണ്ടോയെന്ന് നോക്കും. പിന്നെ നിരാശയോടെ അടുത്തതിനുള്ള കാത്തിരിപ്പ്.

Exit mobile version