കൊവിഡിനെയും പേമാരിയേയും വകവയ്ക്കാതെ പാഞ്ഞെത്തി പരിക്കേറ്റവരെ കൈകളിലെടുത്ത് നാട്ടുകാർ; ഒന്നരമണിക്കൂർ കൊണ്ട് എല്ലാം കഴിഞ്ഞു; രക്തബാങ്കുകൾക്ക് മുന്നിൽ നീണ്ട നിരയും; നടന്നത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം

മലപ്പുറം: കരിപ്പൂർ വിമാനത്താവളം നിൽക്കുന്ന കൊണ്ടോട്ടി പ്രദേശത്തെ നാട്ടുകാരാണ് ഇന്നലെ നടന്ന രക്ഷാപ്രവർത്തനത്തെ ഒന്നര മണിക്കൂർ കൊണ്ട് പൂർത്തിയാക്കി അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാൻ തുണയായത്. കനത്ത മഴയിലും കൊവിഡ് ഭീതിക്കിടയിലും സമാനതകളിലാത്ത രക്ഷാപ്രവർത്തനമാണ് ജനങ്ങൾ നടത്തിയതെന്ന് ദേശീയ മാധ്യമങ്ങളടക്കം തുറന്നുപറയുന്നു. കണ്ണീരിനിടയിലും പ്രതിസന്ധി കാലത്തും വറ്റാത്ത പ്രതീക്ഷയാവുകയാണ് ഇന്നലെ നാട്ടുകാർ കാണിച്ച നന്മ. കൊവിഡ് കാലത്ത് വിദേശത്തുനിന്നെത്തിയ വിമാനത്തിൽ പരിക്കേറ്റ് കിടന്നവരെ കുറിച്ചുമാത്രമാണ് നാട്ടുകാർ ചിന്തിച്ചത്. പരിക്കേറ്റവരുടെ ജീവൻ സ്വന്തം കൈകളിലാണെന്ന ബോധ്യത്തിൽ വാരിയെടുത്ത് ആശുപത്രിയിലേക്ക് ഓടുമ്പോഴും കരയുന്ന കുഞ്ഞുങ്ങളെ വാരിയെടുക്കുമ്പോഴും ആരും കൊവിഡിനെ ഭയന്നില്ല. കഴിയും വേഗത്തിൽ ഓരോ ജീവനും ആശുപത്രിയിലെത്തിക്കാനായിരുന്നു ഒരു നാടാകെ ഒന്നിച്ച് ശ്രമിച്ചത്. വീണു കിടക്കുന്ന വിമാനം തീപിടിച്ച് പൊട്ടിത്തെറിക്കാനുള്ള സാധ്യതയേറെയാണെന്നറിഞ്ഞിട്ടും ഞൊടിയിലുള്ള രക്ഷാപ്രവർത്തനത്തിൽ നിന്ന് നാട്ടുകാരെ ഒട്ടും പിന്തിരിപ്പിച്ചില്ല.

കൊവിഡ് വ്യാപനത്തെ തുടർന്ന് കുറച്ചുദിവസങ്ങളായി കണ്ടെയിൻമെന്റ് സോണിലാണ് കരിപ്പൂർ വിമാനത്താവളമടങ്ങുന്ന കൊണ്ടോട്ടിയും പരിസരവും. അത്യാവശ്യത്തിനല്ലാതെ ആരും പുറത്തിറങ്ങാറില്ല. വീടിനകത്ത് തന്നെ ഇരിപ്പാണ് എല്ലാവരും. ഇതിനിടിലാണ് രാത്രി എട്ടേകാലാടെ കരിപ്പൂരിൽ വിമാന അപകടമുണ്ടായിട്ടുണ്ടെന്ന വാർത്ത വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ നാട്ടുകർ അറിയുന്നത്. ആദ്യം സന്ദേശങ്ങളിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയെന്നും ആളപായമില്ലെന്നുമായിരുന്നു റിപ്പോർട്ടുകൾ. തൊട്ടുപിന്നാലെ അപകടത്തിന്റെ ദൃശ്യങ്ങൾ പരന്നു. വാഹനങ്ങളുള്ള സമീപവാസികൾ ഉടൻ എത്തണമെന്നുമുള്ള സന്ദേശങ്ങളും തുടർന്നെത്തി.

കരിപ്പൂരിലെ ടേബിൾ ടോപ്പ് വിമാനത്താവളത്തിന്റെ രണ്ടേമുക്കാൽ കിലോമീറ്റർ നീളമുള്ള റൺവേ കൊണ്ടോട്ടി-കുന്നുംപുറം ക്രോസ് റോഡിലെ താഴ്ചയിലേക്കാണ് ചെന്നെത്തുന്നത്. സമീപത്ത് വീടുകളുമുണ്ട്. വലിയ ശബ്ദം കേട്ടാണ് സമീപവാസികൾ പുറത്തേക്കിറങ്ങി നോക്കുന്നത്. പുക ഉയരുന്നുമുണ്ടായിരുന്നു. വാട്‌സ്ആാപ്പ് സന്ദേശങ്ങളിലൂടെയും മറ്റും വിവരങ്ങളിറിഞ്ഞ നാട്ടുകാർ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. കൊണ്ടോട്ടി-കുന്നുംപുറം ക്രോസ് റോഡിലെ വിമാനത്താവളത്തിന്റെ അതിർത്തി മതിൽ ചാടികടന്ന് നാട്ടുകാർ വീണുകിടക്കുന്ന വിമാനത്തിനടുത്തെത്തി.

ഒന്നര മണക്കൂറിനൂള്ളിൽ വിമാനത്തിലുണ്ടായിരുന്ന 190 പേരേയും ആശുപത്രികളിലെത്തിച്ചു. പൈലറ്റുമാരടക്കം പലർക്കും ജീവൻ നഷ്ടമായി. ആംബുലൻസുകളെത്തും മുമ്പെ തന്നെ നാട്ടുകാർ കിട്ടിയ വാഹനങ്ങളിൽ പരിക്കേറ്റവരിൽ പലരേയും ആശുപത്രികളിലേക്കെത്തിച്ചിരുന്നു.

അതേസമയം, പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ച് പിന്തിരിഞ്ഞ് പോകാനല്ല ആരും ശ്രമിച്ചത് രക്ത ബാങ്കുകളിലെ അവസ്ഥ അന്വേഷിക്കുകയും പരിക്കേറ്റ പലർക്കും ആവശ്യമായ രക്തം ദാനം ചെയ്യാൻ സന്നദ്ധരാവുകയും ചെയ്തു. ഗുരുതരമായ പരിക്കേറ്റിരുന്നവരിൽ പലർക്കും രക്തം ആവശ്യമായി വന്നിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ്, മിംസ്, ബേബി മെമ്മോറിയൽ ആശുപത്രി,ഇക്ര, മെത്ര തുടങ്ങിയ ആശുപത്രികളിലെ ബ്ലഡ് ബാങ്കുകളിലേക്ക് ആളുകൾ ഇരച്ചെത്തി. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും സോഷ്യൽമീഡിയയിലും രക്തം ആവശ്യമാണെന്ന അടിയന്തിര അറിയിപ്പുകൾ പരന്നതോടെ മലപ്പുറത്ത് നിന്നും മറ്റും കിലോമീറ്ററുകൾ സഞ്ചരിച്ച് രക്തദാന സന്നദ്ധരായി കോഴിക്കോട്ടേ ആശുത്രികളിലെത്തിയ പലരും ബ്ലഡ് ബാങ്കുകൾ നിറഞ്ഞതറിഞ്ഞ് മടങ്ങി. ഇതിനിടെ കോവിഡ് കണ്ടെയിൻമെന്റ് സോണുകളിലുള്ളവർ രക്തദാനം നടത്തരുതെന്ന് ആരോഗ്യമന്ത്രിയും കോഴിക്കോട് ജില്ലാ കളക്ടറും മുന്നറിയിപ്പ് നൽകിരുന്നു. ഇക്കാര്യങ്ങൾ പരിശോധിച്ചിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

Exit mobile version