മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 132.6അടിയായി; അണക്കെട്ട് തുറക്കുന്നതിനു മുമ്പുള്ള ആദ്യ മുന്നറിയിപ്പ് നല്‍കി തമിഴ്‌നാട്

ഇടുക്കി: മഴ കനത്തതോടെ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. ജലനിരപ്പ് 132.6 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്ന് അണക്കെട്ട് തുറക്കുന്നതിനു മുമ്പുള്ള ആദ്യ മുന്നറിയിപ്പ് തമിഴ്‌നാട് നല്‍കി. അണക്കെട്ടിലെ ജലനിരപ്പ് 2 അടി കൂടി ഉയര്‍ന്നാല്‍ രണ്ടാമത്തെ മുന്നറിയിപ്പും പിന്നീട് അണക്കെട്ട് തുറക്കുകയും ചെയ്യും.

സുപ്രീംകോടതി ഉത്തരവുപ്രകാരം ജലനിരപ്പ് 142 അടിവരെ എത്തിക്കാന്‍ തമിഴ്നാടിന് അനുമതിയുണ്ട്. എന്നാല്‍ ഇത്തരത്തില്‍ സംഭവിച്ചാല്‍ അത് പെരിയാര്‍തീരത്ത് വലിയ നാശനഷ്ടങ്ങള്‍ക്ക് കാരണമാവും. 142 അടിയില്‍ ജലനിരപ്പെത്തിച്ച് പെട്ടെന്ന് ഡാം തുറന്നുവിട്ടാല്‍ പെരിയാറ്റില്‍ വെള്ളപ്പൊക്കമുണ്ടാകും. 2018ല്‍ സമാനരീതിയില്‍ പെട്ടെന്ന് വെള്ളം തുറന്നുവിട്ടതാണ് വലിയ ദുരന്തത്തിനിടയാക്കിയത്. മുല്ലപ്പെരിയാറ്റില്‍നിന്നുള്ള വെള്ളം മുഴുവന്‍ ഒറ്റയടിക്ക് വന്നതുമൂലം ഇടുക്കി അണക്കെട്ടില്‍നിന്ന് പരിധിയില്‍ക്കൂടുതല്‍ വെള്ളം തുറന്നുവിടേണ്ടിവന്നതാണ് അപകടങ്ങള്‍ക്കിടയാക്കിയത്.

അതേസമയം ജലനിരപ്പ് 136 അടി ആകുന്നമുറയ്ക്ക് പെരിയാറ്റിലേക്ക് വെള്ളം തുറന്നുവിടണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് തമിഴ്‌നാട് അധികൃതര്‍ക്ക് കത്തുനല്‍കുമെന്നാണ് അണക്കെട്ടിന്റെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞത്. ഇതുസംബന്ധിച്ച കത്ത് ഇടുക്കി ജില്ലാ കളക്ടര്‍ തേനി കളക്ടര്‍ക്കാണ് നല്‍കുക.

Exit mobile version