വയനാട് മേപ്പാടിയില്‍ ഉരുള്‍പൊട്ടല്‍, രണ്ടു വീടുകള്‍ തകര്‍ന്നു-ചിത്രങ്ങള്‍

കല്‍പ്പറ്റ: മേപ്പാടി പുഞ്ചിരിമട്ടത് ഉരുള്‍ പൊട്ടല്‍. ഉരുള്‍പൊട്ടലില്‍ രണ്ടു വീടുകള്‍ തകര്‍ന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം ആളപായമില്ല.ഇന്നു പുലര്‍ച്ചെയാണ് ഉരുള്‍പൊട്ടലുണ്ടായത്. സംഭവസ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. ജില്ലയില്‍ ശക്തമായ മഴ തുടരുകയാണ്. ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് ഉരുള്‍ പൊട്ടി. ശബരിമല ഉള്‍ വനത്തില്‍ ഉരുള്‍ പൊട്ടിയതായി സൂചനയുണ്ട്. കക്കാട്ടാറില്‍ ജലനിരപ്പ് ഉയര്‍ന്നു. നദിയിലൂടെ വന്‍മരങ്ങള്‍ ഒഴുകിയെത്തുന്നുണ്ട്. ഇടുക്കി രാജമലയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. ലയങ്ങളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. നാല് പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കണ്ണന്‍ ദേവന്‍ പ്ലാന്റെഷന്റെ ലയത്തിലാണ് അപകടം. നാല് ലയങ്ങള്‍ പൂര്‍ണ്ണമായും ഒലിച്ചുപോയി.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കാലാവസ്ഥ അനുയോജ്യമായാല്‍ എയര്‍ലിഫ്റ്റിങ് ആലോചിക്കുന്നുണ്ടെന്ന് റവന്യൂ മന്ത്രി അറിയിച്ചു. ലയങ്ങളില്‍ കുടുങ്ങിയ 10 പേരെ പുറത്ത് എത്തിച്ചു. ഇവരെ ആസുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജമലയിലേക്ക് രക്ഷാ പ്രവര്‍ത്തനത്തിന് ഹെലികോപ്റ്റര്‍ സേവനം ലഭ്യമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യോമ സേനയുമായി ബന്ധപ്പെട്ടു. ആവശ്യാനുസരണം ഉടന്‍ ലഭ്യമാവുമെന്നാണ് പ്രതീക്ഷ.

Exit mobile version